തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് വിധിയെഴുതാൻ ഇനി ഒരാഴ്ച മാത്രം ശേഷിക്കെ പ്രചാരണം കൊടുംമ്പിരിക്കൊണ്ടു. തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ്-യുഡിഎഫ് മുന്നണികളുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടത് മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കുക. കോഴിക്കോട് നടക്കുന്ന ചടങ്ങിൽ എം വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ, മുന്നണിയിലെ മറ്റ് പ്രമുഖ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
ക്ഷേമപെൻഷനുകൾ, ലൈഫ് മിഷൻ, കെ. ഫോൺ തുടങ്ങിയ പദ്ധതികളുടെ അടുത്ത ഘട്ട പ്രഖ്യാപനങ്ങൾ പത്രികയിൽ ഉണ്ടായേക്കും.
കോഴിക്കോട് ജില്ലയിലാണ് ഇന്ന് മുഖ്യമന്ത്രിയുടെ പ്രചാരണം.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കെ സി വേണുഗോപാൽ, വി ഡി സതീശൻ എന്നിവർ ചേർന്ന് കൊച്ചിയിലെ ചടങ്ങിലാണ് യുഡിഎഫ് പ്രകടന പത്രിക പ്രകാശനം ചെയ്യുക. നിലവിൽ യുഡിഎഫ് അവതരിപ്പിച്ച ഇന്ദിര ഗ്യാരണ്ടിക്ക് പുറമെ എന്ത് പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിൽ ഉണ്ടാവുക എന്നതാണ് ആകാംക്ഷ.
അതേസമയം, കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാവിലെ തിരുവനന്തപുരത്ത് എത്തുന്ന പ്രിയങ്ക ഗാന്ധി ചിറയിൻകീഴ് മണ്ഡലത്തിൽ രാവിലെ 11ന് പുത്തൻതോപ്പിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കും. 12.30ന് കൊല്ലം കൻ്റോൺമെൻ്റ് മൈതാനിയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രിയങ്ക പങ്കെടുക്കും. 2 ന് തിരുവനന്തപുരം കവടിയാർ സാൽവേഷൻ ആർമി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനത്തിൽ വട്ടിയൂർക്കാവ്, അരുവിക്കര, നെടുമങ്ങാട്, കാട്ടാക്കട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികളും പ്രവർത്തകരും പങ്കെടുക്കും.


































