Home News Breaking News യേശുനാഥൻ്റെ ജറുസലേം പ്രവേശനത്തിൻ്റെ സ്മരണ പുതുക്കി ക്രൈസ്തവ ദേവാലയങ്ങളിൽ ഓശാന ഞായർ ആചരിച്ചു

യേശുനാഥൻ്റെ ജറുസലേം പ്രവേശനത്തിൻ്റെ സ്മരണ പുതുക്കി ക്രൈസ്തവ ദേവാലയങ്ങളിൽ ഓശാന ഞായർ ആചരിച്ചു

Advertisement

തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണർത്തി കുരുത്തോലകളേന്തി ക്രൈസ്തവർ ഇന്ന് ഓശാനപ്പെരുന്നാൾ ആചരിച്ചു. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവ വാരത്തിന് ഇതോടെ തുടക്കമായി. യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെയും അന്ത്യ അത്താഴത്തിന്റെയും കാൽവരിക്കുന്നിലെ കുരിശുമരണത്തിന്റെയും ഉയിർപ്പുതിരുനാളിന്റെയും ഓർമ്മ പുതുക്കുന്ന വേളയാണിത്.

യേശുക്രിസ്തുവിനെ കഴുതപ്പുറത്തിരുത്തി യഹൂദജനം രാജകീയപദവികളോടെ ഒലിവിൻ ചില്ലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്മരണമായാണ് ഓശാന ഞായറിലെ തിരുക്കർമ്മങ്ങൾ. പ്രത്യേക പ്രാർത്ഥനകളിൽ പങ്കെടുക്കാൻ പുലർച്ചെ തന്നെ വിശ്വാസികൾ ദേവാലയങ്ങളിൽ എത്തിയിരുന്നു.തലസ്ഥാനത്ത് പാളയം സെന്റ് ജോസഫ് മെട്രോപോളി​റ്റൻ കത്തീഡ്രലിൽ നടന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് ലത്തീൻ അതിരൂപത ആർച്ചുബിഷപ്പ് തോമസ് ജെ. നെ​റ്റോ മുഖ്യ കാർമ്മികത്വം വഹിച്ചു.
പള്ളിയിൽ നിന്ന് ആരംഭിച്ച കുരുത്തോല പ്രദക്ഷിണം യൂണിവേഴ്സി​റ്റി കോളേജ് പരിസരത്തുനിന്നും തിരിഞ്ഞ് വീണ്ടും ദേവാലയത്തിൽ സമാപിച്ചു.

കൊച്ചിയിൽ സെന്റ് മേരീസ് ബസിലിക്കയിൽ നടന്ന തിരുകർമ്മങ്ങൾക്ക് സിറോ മലബാർ സഭ അദ്ധ്യക്ഷൻ മാർ റാഫേൽ തട്ടിൽ നേതൃത്വം നൽകി.
നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ ഓശാന തിരുകർമ്മങ്ങൾക്ക് ബിഷപ്പ് ഡോ.ഡി.സെൽവരാജനും, പാറശാല മലങ്കരരൂപതയുടെ തിരുകർമ്മങ്ങൾക്ക് ബിഷപ്പ് ഡോ.തോമസ് മാർ യൗസേബിയൂസും, ചങ്ങനാശ്ശേരി അതിരൂപതയിലെ അമ്പൂരിഫൊറോന ദേവാലയത്തിൽ ഫാ.സോണി കരിവേലിയും നേതൃത്വം നൽകി.

വെള്ളറട
കാനക്കോട് സാൽവേഷൻ ആർമി ചർച്ചിൽ ഓശാന ഞായർ ശുശ്രൂഷകൾ നടന്നു. കോർ ഓഫീസർ മേജർ ലീലാമ്മ സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. പബ്ളിക്ക് റിലേഷൻ സെക്രട്ടറി മേജർ റ്റി.ഇ.സ്റ്റീഫൻസൺ തിരുവവചന സന്ദേശം നൽകി. മേജർ എസ് ശാമുവേൽ കുട്ടി, മേജർലില്ലി ഭായ്, മേജർ ജെ. ടൈറ്റസ്, മേജർ മേരി ജോൺ, മേജർ ഗ്രേയ്സ് ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.
കുരുത്തോല പ്രദിക്ഷണത്തിന് ചർച്ച് കമ്മിറ്റി ഭാരവാഹികളായ ജെ സെൽവരാജ്, സജി പോൾ, ആർ സുമേഷ്, ഷീജാ ജോൺ, സാറാ ജെസ്റ്റിൻ, സുമ സജി, മിലാനാ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.

ഇനിയുള്ള ദിവസങ്ങൾ യേശുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ്മകളാൽ നിറഞ്ഞതാണ്. വ്യാഴാഴ്ച പെസഹ ആചരണവും വെള്ളിയാഴ്ച ദുഃഖവെള്ളിയും കഴിഞ്ഞാൽ ഞായറാഴ്ച ഈസ്​റ്ററോടെ വിശുദ്ധ വാരം സമാപിക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here