വിവാഹിതനായ പുരുഷൻ പ്രായപൂർത്തിയായ മറ്റൊരു സ്ത്രീക്കൊപ്പം കഴിയുന്നത് കുറ്റമല്ലെന്ന് അലഹബാദ് ഹൈക്കോടതി. സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലുള്ള ലിവ് ഇൻ ദമ്പതികളായ അനാമികയും നേത്രപാലും സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.
Also Read:
ധാർമികതയും നിയമവും രണ്ടാണെന്ന് വ്യക്തമാക്കിയ കോടതി പുരുഷൻ പ്രഥമദൃഷ്ട്യാ ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ലെന്നും പ്രായപൂർത്തിയായ സ്ത്രീയുമായുള്ള ലിവ്-ഇൻ ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്നും വ്യക്തമാക്കി. വിവാഹിതനായ വ്യക്തിക്കൊപ്പമുള്ള ബന്ധം പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തിരുന്നു. മറ്റൊരു വിവാഹത്തിന് പെൺകുട്ടിയെ നിർബന്ധിക്കുന്നതായും പരാതിയിൽ പറയുന്നു. മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സാമൂഹിക അഭിപ്രായമോ ധാർമ്മികതയോ വഴി നിർണ്ണയിക്കാൻ കഴിയില്ലെന്നും കോടതി ഊന്നിപ്പറഞ്ഞു.
ഇരുവർക്കും പൊലീസ് സുരക്ഷ ഒരുക്കണമെന്നും ഇരുവരുടെയും കാര്യത്തിൽ കുടുംബം ഇടപെടരുതെന്നും ജെ ജെ മുനീർ, തരുൺ സക്സേന തുടങ്ങിയവരുടെ ബെഞ്ച് നിർദേശിച്ചു. ദുരഭിമാനക്കൊല ഭയന്നാണ് ലിവ് ഇൻ ദമ്പതികൾ പരാതി നൽകിയതെന്നാണ് റിപ്പോർട്ട്.































