വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണത്തിൽ അതിഥിത്തൊഴിലാളി കൊല്ലപ്പെട്ട കേസിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പാലക്കാട് എസ്.സി/എസ്.ടി സ്പെഷ്യൽ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നത്. വിചാരണ കോടതിയെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമർശിച്ചു. പ്രതികൾക്ക് തിടുക്കത്തിൽ ജാമ്യം അനുവദിച്ചെന്നും മരിച്ചയാളുടെ ആശ്രിതരുടെ വാദം കേട്ടില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. ജഡ്ജി യാന്ത്രികമായാണ് പ്രവർത്തിച്ചതെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു. ജാമ്യത്തിലുള്ള 8 പ്രതികളും മൂന്നുദിവസത്തിനകം കീഴടങ്ങണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഡിസംബർ 17-നാണ് ജാർഖണ്ഡുകാരൻ റാം നാരായൺ ഭഗേലിനെ ആൾക്കൂട്ടം തല്ലിക്കൊന്നത് .
ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം നേരത്തെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ഇതു സംബന്ധിച്ചു നിയമോപദേശം തേടിയ ശേഷമാണ് നിയമ നടപടികളിലേക്കു കടന്നത്. മണ്ണാർക്കാട് എസ്‌സി–എസ്ടി സ്പെഷൽ കോടതി പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.





























