Home News Breaking News നിയമസഭാ തിരഞ്ഞെടുപ്പിന് 20 ദിവസം മാത്രം ബാക്കിനില്‍ക്കെ എങ്ങുമെത്താതെ കോണ്‍ഗ്രസ് പട്ടിക

നിയമസഭാ തിരഞ്ഞെടുപ്പിന് 20 ദിവസം മാത്രം ബാക്കിനില്‍ക്കെ എങ്ങുമെത്താതെ കോണ്‍ഗ്രസ് പട്ടിക

Advertisement

ന്യൂഡല്‍ഹി/ തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് 20 ദിവസം മാത്രം ബാക്കിനില്‍ക്കെ എങ്ങുമെത്താതെ കോണ്‍ഗ്രസ് പട്ടിക. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ത്ഥികള്‍ റെഡിയെന്ന പ്രതിപക്ഷ നേതാവിന്റെ ആഴ്ചകള്‍ മുമ്പുള്ള ആത്മവിശ്വാസം വെറുംവാക്കായി. നോമിനികള്‍ക്ക് സീറ്റുറപ്പിക്കാനുള്ള നേതാക്കളുടെ ശ്രമവും എംപിമാര്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കങ്ങളുമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിന് പിന്നില്.

ഡല്‍ഹിയില്‍ നീണ്ട ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. തങ്ങളുടെ വിശ്വസ്തര്‍ക്ക് സീറ്റുറപ്പിക്കാന്‍ കേരളത്തിലെ നേതാക്കള്‍ തീവ്രശ്രമത്തിലാണ്. പല മണ്ഡലങ്ങളിലും ഒന്നിലധികം പേര്‍ അവകാശവാദം ഉന്നയിക്കുന്നതും നേതാക്കള്‍ പിടിവാശി തുടരുന്നതും പ്രതിസന്ധി കടുപ്പിക്കുകയാണ്. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ എറണാകുളം ജില്ലയില്‍ നാലോളം സീറ്റുകളില്‍ തര്‍ക്കം തുടരുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊച്ചി മേയര്‍ സ്ഥാനം നഷ്ടപ്പെട്ട ദീപ്തി മേരി വര്‍ഗീസ്, മുഹമ്മദ് ഷിയാസ് എന്നിവര്‍ക്ക് സീറ്റുറപ്പിക്കേണ്ടതുണ്ട്.

നേതൃത്വം വാക്കുപാലിക്കുമെന്നാണ് വിശ്വാസമെന്ന് ദീപ്തി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.കൊച്ചി, പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ തുടങ്ങിയ മണ്ഡലങ്ങളില്‍ തര്‍ക്കം അതിരൂക്ഷമാണ്. തൃപ്പുണിത്തുറയില്‍ എം ലിജുവിനായി കെസി വേണുഗോപാല്‍ വാദിക്കുന്നുണ്ടെങ്കിലും ഇത് സംസ്ഥാന നേതൃത്വം അംഗീകരിക്കുന്നില്ല. സംസ്ഥാന നേതാക്കളില്‍ പലരും മുഖ്യമന്ത്രി സ്ഥാനം സ്വപ്‌നം കാണുന്നവരാണ്.
അതിനായി തങ്ങളുടെ നോമിനികളെ എംഎല്‍എ സ്ഥാനത്ത് എത്തിച്ച് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ മേല്‍കൊയ്മയുണ്ടാക്കുകയാണ് ലക്ഷ്യം.

എംപിമാര്‍ മത്സരിച്ചാല്‍ സംസ്ഥാന നേതാക്കളില്‍ പലരും മത്സരരംഗത്ത് നിന്ന് പിന്‍മാറുമെന്ന് എഐസിസി നേതൃത്വത്തെ അറിയിച്ചിരുന്നു. ഈ നിലപാടില്‍ നിന്ന് ചില എംപിമാര്‍ക്ക് ഇളവ് അനുവദിക്കാനാണ് സാദ്ധ്യത. എംപിമാരില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന ചിലര്‍ മുഖ്യമന്ത്രി സ്ഥാനം സ്വപ്‌നം കാണുന്നവരാണ്. അതുകൊണ്ട് തന്നെയാണ് ഇവര്‍ നിയമസഭയിലേക്ക് മത്സരിക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പുള്ളത്. എംപിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം എഐസിസി കൈക്കൊള്ളുമെന്ന് പറയുമ്പോഴും ഇതില്‍ സംസ്ഥാന നേതൃത്വത്തിന് കടുത്ത വിയോജിപ്പുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here