പാലക്കാട് .കൂറ്റനാട് വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണ്ണം കവർച്ച നടത്തിയ കേസിൽ 2 പേർ അറസ്റ്റിൽ. കാസർകോഡ് സ്വദേശികളായ എ.എച്ച്. ഹാഷിം, മനോജ് എന്നിവരാണ് പിടിയിലായത്. ഇരുവർക്കും എതിരെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി 15ലധികം കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു
ഇക്കഴിഞ്ഞ 13 നാണ് മോഷണം നടന്നത്. ആമക്കാവ് ക്ഷേത്രത്തിലെ പൂരം കാണാനായി തൊഴുക്കാട് ഹരിഭവനിൽ സുധീറും കുടുംബവും വീട് പൂട്ടി പോയിരുന്നു. ആളില്ലാത്ത സമയം നോക്കി 7.10 ഓടെ വാതിലിൻ്റെ പൂട്ട് തകർത്ത് വീടിനകത്ത് കയറിയ മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണം കവരുകയായിരുന്നു. സമീപത്തെ വീട്ടിൽ താമസിക്കുന്ന സുധീറിൻ്റെ അമ്മ വീട്ടിൽ എത്തി നോക്കിയപ്പോഴാണ് വീടിൻ്റെ വാതിലുകൾ തുറന്ന് കിടക്കുന്നതും അലമാരയിലെ വസ്തുക്കൾ വലിച്ചിട്ട നിലയിലും കണ്ടെത്.
വീട്ടുകാർ എത്തി പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ച സ്വർണം നഷ്ടമായതായി അറിയുന്നത്. തുടർന്ന് ചാലിശേരി പൊലിസിൽ പരാതി നൽകുകയായിരുന്നു.
സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ കാസർകോഡ് ഉണ്ടെന്ന് പൊലീസ് മനസിലാക്കി. തുടർന്ന് ഞായറാഴ്ച രാത്രിയിൽ തന്നെ കാസർകോഡ് എത്തി മോഷ്ടാക്കൾക്കുള്ള വല വിരിച്ചു. ഇരുവരും ഒളിവിൽ താമസിക്കുന്ന വീട്ടിൽ ചെന്ന് തിങ്കളാഴ്ച പുലർച്ചെയോടെ പിടികൂടുകയായിരുന്നു.
also read:
പ്രതികൾ മോഷ്ടിച്ച 25 പവൻ്റെ സ്വർണവും പൊലിസ് വീട്ടിൽ നിന്നും കണ്ടെടുത്തു. കേസിലെ പ്രതികളായ ഹാഷിമിനും , മനോജിനും സംസ്ഥാനത്തിനകത്ത് 15 ലധികം കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിൻ്റെ നിർദേശ പ്രകാരം ഷൊർണൂർ ഡിവൈഎസ്പി സാജു കെ. ഏബ്രഹാം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഷൊർണൂർ ക്രൈം സ്ക്വാഡും ചാലിശ്ശേരി പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ നാളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.




































