തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കാറ്ററിങ് മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. പാചകവാതകം ലഭ്യമല്ലാത്തതിനാൽ വിവാഹങ്ങൾക്കും റമദാൻ നോമ്പുതുറയുമായി ബന്ധപ്പെട്ട ഇഫ്താർ സംഗമങ്ങൾക്കും ഉൾപ്പെടെ ലഭിച്ച ഭക്ഷണ ബുക്കിങ്ങുകൾ വ്യാപകമായി റദ്ദാക്കാൻ നിർബന്ധിതരായിരിക്കുകയാണ് കാറ്ററിങ് സ്ഥാപനങ്ങൾ. ഈ വ്യവസായം തന്നെ നിലച്ചുപോകുന്ന അവസ്ഥയാണുള്ളതെന്നും അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വലിയ തൊഴിൽ നഷ്ടമുണ്ടാകുമെന്നും ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.
നിയന്ത്രണങ്ങൾ ഇരുട്ടടി
പല പ്രധാന കാറ്ററിങ് സ്ഥാപനങ്ങളുടെ പക്കലും വ്യാഴാഴ്ച വരെയുള്ള ആവശ്യങ്ങൾക്ക് മാത്രമുള്ള പാചകവാതക സിലിണ്ടറുകൾ മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളതെന്ന് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് വി സുനുകുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സാധാരണഗതിയിൽ വലിയ വിവാഹ ചടങ്ങുകൾക്കും മറ്റും ഭക്ഷണം പാചകം ചെയ്യുന്നതിനായി ഏകദേശം പതിനഞ്ച് മുതൽ ഇരുപത് സിലിണ്ടറുകൾ വരെ ആവശ്യമായി വരാറുണ്ട്.
എന്നാൽ നിലവിലെ സാഹചര്യത്തിൽ ക്വാട്ടയ്ക്ക് പുറമേ അഞ്ച് സിലിണ്ടറുകൾ മാത്രമേ സംസ്ഥാനത്തെ ഭക്ഷണശാലകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും അധികമായി കരുതിവയ്ക്കാൻ സാധിക്കൂ എന്ന സർക്കാർ നിർദേശം കൂടി പുറത്തുവന്നിട്ടുണ്ട്. ഈ നിയന്ത്രണം കൂടി വന്നതോടെ കാറ്ററിങ് സ്ഥാപനങ്ങളുടെ പ്രതിസന്ധി ഇരട്ടിയായി വർധിച്ചു. വലിയ ഓർഡറുകൾ ഏറ്റെടുത്ത് നടത്താൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും വ്യവസായത്തെ ഇത് സാരമായി ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിറകടുപ്പുകള്‍ ഉപയോഗിക്കാന്‍ അറിയാത്ത പുതിയ തൊഴിലാളികള്‍
പാചകവാതകത്തിന് പകരമായി വിറക് ലഭ്യമാണെങ്കിലും അതുകൊണ്ട് പൂർണമായി പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. വിറകടുപ്പിൽ വലിയ അളവിൽ ഭക്ഷണം പാചകം ചെയ്യാൻ അറിയുന്ന തൊഴിലാളികളെ ഇപ്പോൾ കിട്ടാനില്ല എന്നതാണ് പ്രധാന വെല്ലുവിളി. ഫ്രൈഡ് റൈസ് പോലെയുള്ള ഭക്ഷണ വിഭവങ്ങൾ തയ്യാറാക്കുമ്പോഴാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ നേരിടുന്നത്.
ALSO READ :
പാചകവാതക ക്ഷാമത്തെ തുടർന്ന് കാറ്ററിങ് സ്ഥാപനങ്ങൾ താത്കാലികമായി അടച്ചുപൂട്ടേണ്ടി വന്നാൽ നിലവിലുള്ള ജോലിക്കാർ പലവഴിക്കും പോകും. പിന്നീട് സ്ഥാപനം തുറക്കുമ്പോൾ പാചകം അറിയാവുന്ന ഈ തൊഴിലാളികളെ തിരികെ കണ്ടെത്തുക എന്നത് വലിയ പ്രതിസന്ധിയായി മാറും. ഇതിന് പരിഹാരമായി വീട്ടാവശ്യങ്ങൾക്കായി നൽകുന്ന സിലിണ്ടറുകൾ തങ്ങൾക്കും ലഭ്യമാക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
ആയിരങ്ങൾ തൊഴില്‍ രഹിതരാകും
ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷന് തിരുവനന്തപുരം ജില്ലയിൽ മാത്രം നാനൂറോളം അംഗങ്ങളുണ്ട്. ഇവരുടെ കീഴിലായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികൾ ഈ മേഖലയെ മാത്രം ആശ്രയിച്ചാണ് കഴിയുന്നത്. പറഞ്ഞ സമയത്തിന് ഓർഡർ നൽകിയവർക്ക് ഭക്ഷണം നൽകാൻ കഴിയാതെ വരുന്നത് കാറ്ററിങ് സ്ഥാപനങ്ങളുടെ വിശ്വാസ്യതയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്.
ഇതിനൊരു പരിഹാരമെന്ന നിലയിൽ ഈറോഡിൽ നിന്നും കോയമ്പത്തൂരിൽ നിന്നും വിറകടുപ്പുകൾ കൊണ്ടുവരാൻ ചില സ്ഥാപന ഉടമകളെങ്കിലും ശ്രമിക്കുന്നുണ്ട്. വളരെ കുറച്ച് വിറക് മാത്രം ഉപയോഗിച്ചാൽ മതിയാകും എന്നതാണ് ഈ അടുപ്പുകളെക്കുറിച്ച് വ്യാപകമായി പ്രചരിക്കുന്ന വിവരം. ഇതു കണ്ടാണ് ആളുകൾ അടുപ്പ് വാങ്ങാൻ തയ്യാറാകുന്നത്. എന്നാൽ ഇവയ്ക്ക് വില വളരെ കൂടുതലാണ്. മാത്രമല്ല അവയുടെ പ്രവർത്തനക്ഷമതയുടെ കാര്യത്തിൽ യാതൊരു ഉറപ്പുമില്ലെന്നും കാറ്ററിങ് ഉടമകൾ പറയുന്നു.
അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കില്‍ തകര്‍ച്ച
കാറ്ററിങ് മേഖല നേരിടുന്ന ഈ വലിയ പ്രതിസന്ധി പരിഹരിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകളും എണ്ണക്കമ്പനികളും അടിയന്തരമായി ഇടപെടണമെന്ന് അസോസിയേഷൻ ഭാരവാഹികൾ ഒന്നടങ്കം ആവശ്യപ്പെട്ടു. പാചകവാതക വിതരണം സുഗമമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. വാർത്താസമ്മേളനത്തിൽ വർക്കിങ് പ്രസിഡൻ്റ് വൈ എം ഹാഷിം, വർക്കിങ് സെക്രട്ടറി ഫ്രാൻസിസ്, സംസ്ഥാന ട്രഷറർ ആർ മോഹൻകുമാർ എന്നിവരും പങ്കെടുത്തു.






























