കായംകുളം. ബൈക്കിൽ എത്തി യുവതിയുടെ മാല പൊട്ടിച്ചു കടന്നു കളയാൻ ശ്രമിച്ച കേസിലെ പ്രതികളെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു.മാല മോഷ്ടിക്കുന്നതിന് മുൻപ് പ്രതികൾ അമ്പലപ്പുഴയിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോൺ ആണ് പ്രതികളെ കുരുക്കിയത്.
കൊല്ലം ഇരവിപുരം സ്വദേശികളായ മെന്റൽ അപ്പു എന്ന അൽത്താഫ്,
തൗഫീഖ് എന്നിവരെയാണ് കായംകുളം പോലീസ് ഇരവിപുരത്തു നിന്നും പിടികൂടിയത്.
ഈ മാസം അഞ്ചാം തീയതി രാവിലെ സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയുടെ മുതുകത്ത് അടിച്ച ശേഷം മാല പൊട്ടിക്കാൻ ശ്രമിച്ച കേസിലാണ് രണ്ടു പ്രതികളെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ അൽത്താഫ് തൗഫീഖ് എന്നിവർ
നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ യുവതിയെ പിന്തുടർന്ന് കായംകുളം സെന്റ്.മേരീസ് സ്കൂളിന് മുൻവശം വെച്ച് യുവതിയെ ആക്രമിച്ച് സ്വർണ്ണമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി മാലയിൽ പിടിച്ചതോടെ കൊളുത്ത് അകന്ന് മാല വസ്ത്രത്തിനുള്ളിലേക്ക് വീഴുകയും, അടി കൊണ്ട യുവതി സ്കൂട്ടർ മറിഞ്ഞ് താഴെ വീഴുകയും ആയിരുന്നു.
Also read:
സംഭവം കണ്ട് ആൾക്കാർ ഓടി വന്നപ്പോൾ പ്രതികൾ മോട്ടോർ സൈക്കിളിൽ രക്ഷപ്പെട്ടു. സംഭവത്തിന് പിന്നാലെ 4 ദിവസം കൊണ്ട് കായംകുളം മുതൽ കൊല്ലം വരെ 250 ഓളം CCTV ക്യാമറകൾ പരിശോധിച്ചാണ് ഹെൽമെറ്റ് ധരിച്ചിരുന്ന പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. കായംകുളത്ത് മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുന്നതിന് മുമ്പ് പ്രതികൾ അമ്പലപ്പുഴയിൽ നിന്നും നടന്നു പോയ ആളിന്റെ മൊബൈൽ ഫോൺ പിടിച്ചു പറിച്ചെടുത്തിരുന്നു. ഈ മൊബൈൽ ഫോണും പ്രതികളിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഒന്നാം പ്രതിയായ അൽത്താഫ് ഇരവിപുരം, കൊല്ലം വെസ്റ്റ്, കൊട്ടിയം , വർക്കല തുടങ്ങിയ സ്റ്റേഷനുകളിൽ മോഷണം, അടിപിടി കേസുകളിൽ പ്രതിയും , 2023 ൽ കാപ്പാ നിയമപ്രകാരം നടപടി നേരിട്ട ആളുമാണ്. രണ്ടാം പ്രതിയായ തൗഫീഖ് കിളികൊല്ലൂർ, പോത്തൻകോട്, കരീലക്കുളങ്ങര, ചവറ, കഴക്കൂട്ടം, കൊല്ലം വെസ്റ്റ് , കരുനാഗപ്പളളി തുടങ്ങിയ സ്റ്റേഷനുകളിൽ മോഷണം, മയക്കുമരുന്ന് വിപണനം മുതലായ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു


































