പാലക്കാട് : യുവാവിനെ ട്രെയിനില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മലമ്പുഴ കാഞ്ഞിരക്കടവ് റെയില്‍വേ മേല്‍പ്പാലത്തിനുതാഴെയാണ് തമിഴ്‌നാട് ദിണ്ടിഗല്‍ സ്വദേശി മുകേഷിന്റെ (22) മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കൂടെയുണ്ടായിരുന്നയാളെ പൊലീസ് പിടികൂടി. തിങ്കളാഴ്ച പകല്‍ മൂന്നോടെയാണ് മൃതദേഹം പുഴയുടെ സമീപത്തെ ചതുപ്പില്‍നിന്ന് കണ്ടെത്തിയത്. പാലക്കാട് റെയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്.
യുവാവ് പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്നു. ഞായര്‍ രാത്രി പത്തരയോടെ കണ്ണൂര്‍ യശ്വന്ത്പുര്‍ എക്‌സ്പ്രസില്‍നിന്നുമാണ് പുഴയിലേക്ക് വീണത്. ഒപ്പമുണ്ടായിരുന്ന കുടുംബം പോത്തന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ കൂടെ സഞ്ചരിച്ചിരുന്ന യുവാവിനെ കാണാനില്ലെന്ന് ആര്‍പിഎഫിന് പരാതി നല്‍കി. ആര്‍പിഎഫ് ഇക്കാര്യം പാലക്കാട് റെയില്‍വേ പൊലീസിനെ അറിയിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വെളിവായത്.
കര്‍ണാടകത്തിലെ മംഗളൂരുവില്‍ റബര്‍ ടാപ്പിങ് കരാറെടുത്ത് നടത്തുകയായിരുന്ന, അച്ഛനും അമ്മയും പെണ്‍കുട്ടിയും അടങ്ങുന്ന കുടുംബത്തിനോടൊപ്പമാണ് യുവാവ് സഞ്ചരിച്ചത്. ഞായറാഴ്ച മംഗളൂരുവില്‍നിന്ന് നാട്ടിലേക്ക് മടങ്ങിയ നാലുപേരും പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ബര്‍ത്തുകളില്‍ ഉറങ്ങാനായി കിടന്നു. അല്‍പ്പസമയം കഴിഞ്ഞ് പെണ്‍കുട്ടിയുടെ അച്ഛന്‍ എഴുന്നേറ്റപ്പോള്‍ മകളെയും മുകേഷിനെയും ബര്‍ത്തുകളില്‍ കണ്ടില്ല. ഇവര്‍ ട്രെയിനിന്റെ വാതിലിനുസമീപംനിന്ന് സംസാരിക്കുന്നത് കണ്ടു.
ഇത് കണ്ട പെണ്‍കുട്ടിയുടെ അച്ഛന്‍ യുവാവിനെ പിടിച്ചുതള്ളുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ബാലന്‍സ് തെറ്റിയാണ് യുവാവ് ട്രെയിനില്‍നിന്ന് താഴേക്ക് വീണത്. യുവാവിനെ തള്ളിയിട്ട ശേഷം കുടുംബംതന്നെയാണ് തങ്ങളുടെ കൂടെ സഞ്ചരിച്ചിരുന്ന ആളെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കിയത്. എന്നാല്‍ ഇവരുടെ സംസാരത്തില്‍ പൊരുത്തക്കേട് തോന്നിയ പൊലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പെണ്‍കുട്ടിയുടെ അച്ഛനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലാത്തതിനാല്‍ പോക്‌സോ വകുപ്പ് ഉള്‍പ്പെടെ പരിശോധിക്കും.





























