എറണാകുളം: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി നടൻ ദിലീപ് ഉൾപ്പെടെയുള്ളവരെ വിചാരണക്കോടതി വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നോട്ടീസയച്ചു. വസ്തുതകളും നിയമപരമായ വശങ്ങളും പരിശോധിക്കുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നൽകിയിരിക്കുന്നത്.
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കണമെന്നും പൾസർ സുനി അടക്കമുള്ള പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നുമാണ് സർക്കാരിന്‍റെ പ്രധാന ആവശ്യം. വിധി വന്ന് 75 ദിവസങ്ങൾക്ക് ശേഷം, നിയമപരമായ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചായിരുന്നു പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. ഏകദേശം 400 പേജുകളോളം വരുന്ന വിശദമായ അപ്പീലാണ് സമർപ്പിച്ചിരിക്കുന്നത്.
ദിലീപിനെതിരെ മതിയായ തെളിവുകൾ ഉണ്ടായിരുന്നിട്ടും അവയൊന്നും വിചാരണക്കോടതി കൃത്യമായി പരിഗണിച്ചില്ല എന്നതാണ് പ്രോസിക്യൂഷന്‍റെ പ്രധാന ആക്ഷേപം. ദിലീപ്, ചാർളി തോമസ്, മേസ്തിരി സനിൽ, ശരത് എന്നിവരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി വെറുതെ വിട്ടത്. എന്നാൽ, കൃത്യത്തിലേക്ക് നയിച്ച വിപുലമായ ഗൂഢാലോചനയും അതിനുപിന്നിലെ പ്രേരണയും തെളിയിക്കുന്നതിന് ആവശ്യമായ നിരവധി രേഖകളും തെളിവുകളും കോടതിക്ക് മുന്നിൽ ഹാജരാക്കിയിരുന്നുവെന്ന് സർക്കാർ വാദിക്കുന്നു. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികൾക്കിടയിലെ ഗൂഢാലോചന മാത്രമാണ് വിചാരണക്കോടതി മുഖവിലയ്‌ക്കെടുത്തത്. ദിലീപിനെതിരെയുള്ള ശക്തമായ തെളിവുകൾ അർഹിക്കുന്ന ഗൗരവത്തോടെ പരിഗണിച്ചില്ലെന്നും നടപടിക്രമങ്ങൾ നിയമപരമായി നിലനിൽക്കുന്നതല്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
പല നിർണായക സാക്ഷിമൊഴികളും നിസ്സാരമായ കാരണങ്ങൾ പറഞ്ഞ് വിചാരണക്കോടതി അവഗണിച്ചുവെന്നും അപ്പീലിൽ കുറ്റപ്പെടുത്തുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴിയാണ്. ഈ വെളിപ്പെടുത്തലുകളെ വിചാരണക്കോടതി അവിശ്വസിച്ചത് തെറ്റായ നടപടിയാണെന്നും മൊഴികളെ സാധൂകരിക്കുന്ന ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ഹാജരാക്കിയിരുന്നുവെന്നും സർക്കാർ വ്യക്തമാക്കുന്നു. കൂടാതെ, നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്‍റെ പകർപ്പ് ദിലീപിന്‍റെ കൈവശം എത്തിയിട്ടുണ്ടെന്ന വാദം വിചാരണക്കോടതി തള്ളിക്കളഞ്ഞതിനെയും അപ്പീലിൽ ശക്തമായി എതിർക്കുന്നു. ദൃശ്യങ്ങളെ സംബന്ധിച്ച വിവരണം ദിലീപിന്‍റെ സഹോദരന്‍റെ ഫോണിൽ കണ്ടെത്തിയിട്ടും കോടതി അത് വേണ്ടവിധം പരിഗണിച്ചില്ലെന്നും അപ്പീലിൽ പറയുന്നു.
ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കൊട്ടേഷൻ സംഘത്തിന് വിചാരണക്കോടതി നൽകിയത് കുറ്റത്തിന് ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയാണെന്നാണ് സർക്കാരിന്‍റെ വിലയിരുത്തൽ. ഒരു സ്ത്രീയുടെ സ്വകാര്യതയെയും അന്തസ്സിനെയും തകർക്കുന്ന രീതിയിൽ ആക്രമിച്ചതും ദൃശ്യങ്ങൾ ചിത്രീകരിച്ചതും അതീവ ഗൗരവകരമായ കാര്യമാണ്. കുറ്റക്കാർക്ക് കുറഞ്ഞ ശിക്ഷ നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അതിനാൽ ഇവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും സർക്കാർ ആവശ്യപ്പെടുന്നു. കേസിൽ വിട്ടയക്കപ്പെട്ട ചാർളി, ദിലീപിന്‍റെ സുഹൃത്തായ ശരത് ജി നായർ എന്നിവരെയും ശിക്ഷിക്കണമെന്ന് അപ്പീലിലുണ്ട്.
വിചാരണ നീതിപൂർവമായല്ല നടന്നതെന്നും തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണക്കോടതി പക്ഷപാതപരമായ സമീപനമാണ് സ്വീകരിച്ചതെന്നുമാണ് സർക്കാരിന്‍റെ ആരോപണം. പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തിന് നിരവധി തെളിവുകൾ ഹാജരാക്കിയിരുന്നു. ആറിടങ്ങളിൽ വെച്ച് ഇരുവരും തമ്മിൽ കണ്ടുമുട്ടിയതിനും ഗൂഢാലോചന നടത്തിയതിനും കൃത്യമായ സാക്ഷിമൊഴികളുണ്ട്. ഇതിന് പുറമെ കൊട്ടേഷൻ തുകയുമായി ബന്ധപ്പെട്ട് പൾസർ സുനി ദിലീപിന് അയച്ച കത്തും കോടതി പരിഗണിച്ചില്ല. നേരത്തെ തങ്ങൾക്ക് ലഭിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തൊണ്ണൂറ് ദിവസത്തെ സമയപരിധി അവസാനിക്കാനിരിക്കെ സർക്കാർ കൂടി അപ്പീൽ നൽകിയതോടെ നടിയെ ആക്രമിച്ച കേസിലെ നിയമപോരാട്ടം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്.


































