Home News Breaking News ഒറ്റയടിക്ക് 50 സീറ്റുകൾ, വമ്പൻ പ്രഖ്യാപനത്തിന് ബിജെപി തയാറെടുക്കുന്നു

ഒറ്റയടിക്ക് 50 സീറ്റുകൾ, വമ്പൻ പ്രഖ്യാപനത്തിന് ബിജെപി തയാറെടുക്കുന്നു

Advertisement

ന്യൂ ഡെൽഹി : ബിജെപിയുടെ നിർണായക തെരഞ്ഞെടുപ്പ് സമിതി യോ​ഗം ഇന്ന് വൈകിട്ട് ചേരും. 50 സീറ്റുകളിൽ വരെ ഇന്ന് തന്നെ തീരുമാനം വരുമെന്നാണ് വിവരങ്ങൾ. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മാത്രമാകും സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. ബിജെപി ആസ്ഥാനത്ത് ആദ്യം പ്രധാനമന്ത്രിയടക്കം പങ്കെടുക്കുന്ന പാർലമെന്‍ററി ബോർഡ് യോ​ഗം ചേരും.

ഇതിന് ശേഷം തെരഞ്ഞെടുപ്പ് സമിതിയും സംസ്ഥാനത്തെ നേതാക്കൾ അടക്കം പങ്കെടുക്കുന്ന യോ​ഗവും ചേരും. കാര്യമായ സർപ്രൈസുകളില്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത്. സംസ്ഥാന നേതൃത്വത്തിന്‍റെ പട്ടികയ്ക്ക് കാര്യമായ മാറ്റങ്ങളില്ലാതെ തന്നെ അം​ഗീകാരം നൽകും. കേരളത്തിൽ നിന്നുള്ള പ്രധാന നേതാക്കൾ എല്ലാം ദില്ലിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഘടകകക്ഷി നേതാക്കളായ തുഷാര്‍ വെള്ളാപ്പള്ളിയും സാബു ജേക്കബും അടക്കം മത്സരിക്കണമെന്ന ആവശ്യമാണ് ബിജെപി ഉയർത്തുന്നത്.

അതേസമയം, തിരുവനന്തപുരത്തും പാലക്കാടും അടക്കം ബിജെപി ചുവരെഴുത്തുകൾ തുടങ്ങിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പേ പാലക്കാട് ശോഭ സുരേന്ദ്രൻ പ്രചാരണത്തിന് തുടക്കമിട്ടു. മണ്ഡലത്തിൽ ചുവരെഴുത്ത് ഉദ്ഘാടനം ചെയ്തും പാർട്ടി നേതാക്കളെ കണ്ടും ശോഭ സജീവമായി. അതേസമയം ശോഭയുടെ പരിപാടിയിൽ നിന്ന് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ തുടക്കത്തിൽ വിട്ടു നിന്നത് കല്ലുകടിയായി. പിന്നീട് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി കൃഷ്ണകുമാർ പ്രശാന്തിനെ വിളിച്ചു വരുത്തുകയായിരുന്നു.

പാലക്കാട് ബിജെപിയുടെ ശക്തി കേന്ദ്രമായ മൂത്താൻ തറയിലെ കർണ്ണകിയമ്മൻ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് ശോഭ സുരേന്ദ്രൻ തുടങ്ങിയത്.

ക്ഷേത്രത്തിന് തൊട്ടടുത്താണ് താമസമെങ്കിലും ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവന്‍റെ അസാനിധ്യം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ചുവരെഴുത്ത് ഉദ്ഘാടനത്തിനും പ്രശാന്ത് എത്തില്ലെന്ന അഭ്യൂഹം പരന്നു.

ചുവരെഴുത്തിനായി ശോഭയും മുതിർന്ന നേതാക്കളും എത്തിയിട്ടും പ്രശാന്ത് വന്നില്ല. പിണങ്ങി നിന്ന പ്രശാന്തിനെ പിന്നീട് നേതാക്കൾ ഫോണിൽ വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് ശോഭ മാധ്യമങ്ങളെ കാണുമ്പോഴും പ്രശാന്ത് മാറി നിന്നു. എന്നാൽ പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്നും തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ജില്ലാ അധ്യക്ഷൻ മകനെ പോലെയാണ്. പ്രശാന്താണ് സ്ഥാനാർത്ഥിയെങ്കിൽ പ്രശാന്തിനെ രണ്ട് ഷാൾ ഇട്ട് സ്വീകരിക്കുമെന്നും ഞങ്ങൾക്കിടയിൽ ഒരു ഭിന്നതയുമില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here