കണ്ണൂര്‍: കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഐസിയുവില്‍ കഴിയുന്ന ആരോഗ്യമന്ത്രി വീണാജോര്‍ജ്ജിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിക്കെതിരെയുള്ള ആക്രമണത്തില്‍ സിപിഎം പ്രതിഷേധ പ്രകടനം നടത്തി
സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജന്‍, ടി.വി രാജേഷ്, എന്‍.ചന്ദ്രന്‍, ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, പി കെ ശ്യാമള ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.
കെഎസ്യു -യൂത്ത് കോണ്‍ഗ്രസ് ആക്രമണം കോണ്‍ഗ്രസിന്റെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനമല്ലഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്. പ്ലാറ്റ്‌ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജന്‍സികളും അംഗീകരിച്ചതുമാണ്. എന്നിട്ടും ചില സംഭവങ്ങള്‍ പര്‍വതീകരിച്ച് അതില്‍ ഒരുതരത്തിലും ഉള്‍പ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല, രാഷ്ട്രീയ ആഭാസമായിട്ടാണ് കാണാന്‍ കഴിയുക. തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകര്‍ക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ കോണ്‍ഗ്രസ് നേതൃത്വം കരുതരുത്. ഇതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെയും യുഡിഎഫ് മുന്നണിയുടെയും നേതൃത്വത്തിന് തന്നെയാണ്. തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയത്തെ മലീമസമാക്കുന്ന അവരുടെ ശൈലിയുടെ പ്രതിഫലനമാണ് കെഎസ്യു അക്രമികളിലൂടെ പുറത്തുവന്നത്. ഇത് അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിപിഎം. കണ്ണൂരില്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും മുതിര്‍ന്ന നേതാവ് പി ജയരാജനും എംഎല്‍എമാരുള്‍പ്പെടെയുള്ളവരും പ്രതിഷേധപ്രകടനം നടത്തി. തിരുവനന്തപുരത്ത് ഡിവൈഎഫ് ഐ പ്രവര്‍ത്തകള്‍ പന്തംകുളത്തി പ്രകടനം സംഘടിപ്പിച്ചു.
പാലക്കാട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ കോണ്‍ഗ്രസിന്റെ ബോര്‍ഡുകള്‍ ഉള്‍പ്പെടെ തകര്‍ത്തു. എസ്എഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. എസ്എഫ്‌ഐ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയങ്ങാടിയിലും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കെഎസ്‌യു വിനെതിരേയും കോണ്‍ഗ്രസിനെതിരേയും മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
അതിനിടെ, കണ്ണൂരിലെ സംഭവത്തില്‍ കെഎസ് യു പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. അതുല്‍, യാസീന്‍, മുബാസ്, അക്ഷയ്, ബിദുല്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
എന്നാല്‍, പ്രതിഷേധക്കാര്‍ മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാക്കളുടെ പ്രതികരണം. മന്ത്രിക്കെതിരെ കയ്യേറ്റം ഉണ്ടായെന്നത് ആരോപണം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു
Advertisement



























