കൊച്ചി: ഒടുവിൽ സുഭാഷിനെ താഴെ എത്തിച്ചു…കൊച്ചി മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ മണിക്കൂറുകൾ പിന്നിട്ട ശ്രമത്തിനൊടുവിൽ രക്ഷിച്ചു. രാത്രി പതിനൊന്ന് മണിയോടെ മെട്രോ സർവീസുകൾ അവസാനിച്ചതിന് പിന്നാല, 12 മണിയോടെ മെട്രോ പാതയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് രക്ഷാപ്രവർത്തനം പുന:രാരംഭിച്ചത്. പൂച്ചയ്ക്കുള്ള കൂട് തൂണിന് മുകളിൽ എത്തിച്ചിരുന്നു.
അഗ്നിരക്ഷാ സേനയും മൃഗക്ഷേമസംഘടനയായ എസ്പിസിഎയും സംയുക്തമായി നടത്തിയ ശ്രമത്തിലാണ് ഞായറാഴ്ച പുലർച്ചെ 1.20ന് പൂച്ചയെ രക്ഷപ്പെടുത്തി തോപ്പുംപടിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. കലൂർ സ്റ്റേഡിയത്തിന് സമീപം 556ാം നമ്പർ മെട്രോ തൂണിന് മുകളിൽ പൂച്ചയിരിക്കുന്നത് ഒരാഴ്ചമുമ്പാണ് ഓട്ടോറിക്ഷാ തൊഴിലാളികൾ കണ്ടത്. ശനിയാഴ്ച രാവിലെ 11.30ഓടെയാണ് രക്ഷാദൗത്യം തുടങ്ങിയത്.
ആദ്യം മാൻലിഫ്റ്റർ ഉപയോഗിച്ച് സമീപത്തെത്തിയെങ്കിലും പൂച്ച ഓടിമറഞ്ഞു. പിന്നീട് ലിഫ്റ്റർ തകരാറിലായി. വൈകിട്ട് മറ്റൊരു ലിഫ്റ്റ് എത്തിച്ച് മെട്രോ സർവീസ് നിർത്തിവച്ച് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിഫലമായി.
രക്ഷാപ്രവർത്തനത്തിന്റെ തത്സമയ സംപ്രേക്ഷണത്തിലൂടെ വൈറലായ പൂച്ചയ്ക്ക് ഗുണാകേവിൽ നിന്നും സുഹൃത്തുക്കൾ വടമിട്ടു പിടിച്ചുകയറ്റിയ മഞ്ഞുമൽ ബോയ്‌സ് എന്ന ചിത്രത്തിലെ സുഭാഷിന്റെ പേരാണ് നാട്ടുകാർ നൽകിയത്. പില്ലറിന് മുകളിൽ തളർന്ന് കിടക്കുകയായിരുന്ന പൂച്ചയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിച്ചതോടെ റെസ്‌ക്യു ടീമും മൃഗസ്നേഹികളും സ്ഥലത്തെത്തി പ്രതിഷേധം നടത്തിയിരുന്നു. പൂച്ചയെ എത്രയും പെട്ടെന്ന് പുറത്തെത്തിച്ചില്ലെങ്കിൽ അതിന്റെ ജീവൻ അപകടത്തിലാകുമെന്നായിരുന്നു മൃഗസ്നേഹികളുടെ വാദം.




























