ആലപ്പുഴ: വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ റിപ്പോർട്ട് തേടി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇന്ന് ഉച്ചയ്ക്ക് മുമ്പ് റിപ്പോർട്ട് നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. വിദഗ്ധ സംഘം ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് തിരിച്ചിട്ടുണ്ട്. അവരുടെ റിപ്പോർട്ട് പോലീസിനും നൽകും റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ആശുപത്രിയിൽ തുടരുന്നവർക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ഒരു ദാക്ഷണ്യവുമില്ലാതെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ ഡോക്ടർ ലളിതാംബികയുടെ വാദങ്ങളെ മന്ത്രി തളളി. ഇക്കാര്യത്തിൽ താൻ കുടുംബത്തിനൊപ്പമെന്നും മന്ത്രി പറഞ്ഞു.
5 വർഷം മുൻപ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. 2021 മെയ് 5 നാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജില്‍ ഇവർ ശസ്ത്രക്രിയക്ക് വിധേയമായത്. ഗർഭ പാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായിരുന്നു ഇത്. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന അനുഭവപ്പെടുകയായിരുന്നു. വർഷങ്ങളായി വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്. പിന്നീട് ബുധനാഴ്ച എക്സറെ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്. സംഭവത്തില്‍ പരാതി നല്‍കുമെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്.
വേദന കാരണം വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും മൂത്രത്തിൽ കല്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് മടക്കി അയച്ചിരുന്നു എന്നാണ് ഇവർ പറയുന്നത്. സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് കത്രിക കണ്ടെത്തിയത്































