കോഴിക്കോട്. കുറ്റ്യാടിയിൽ യു ഡി.എഫ് വേദിയിൽ തർക്കമുണ്ടായെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ തുറന്നു സമ്മതിച്ചതിൽ കോൺഗ്രസിൽ അതൃപ്തി. വേദിയിൽ തർക്കവും ഉന്തും തള്ളുമൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവടക്കം നേതാക്കളെല്ലാം പറഞ്ഞു അവസാനിപ്പിച്ച വിവാദം മുല്ലപ്പള്ളി വീണ്ടും കുത്തിപ്പൊക്കിയെന്ന വികാരത്തിലാണ് കോഴിക്കോട് ജില്ലാ കോൺഗ്രസ് നേതൃത്വം.
കോൺഗ്രസിലും യു.ഡി.എഫിലും അനൈക്യമാണെന്ന് പരിഹസിച്ച സി.പി.എമ്മിന് അടിക്കാൻ മുല്ലപ്പള്ളി വീണ്ടും വടി കൊടുത്തെന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിൻ്റെ വിമർശനം. ജില്ലയിലെ കോൺഗ്രസ് നേതാക്കൾ ഇക്കാര്യം ഇന്നലെ തന്നെ പ്രതിപക്ഷ നേതാവിൻ്റെയും കെ.പി.സി.സി പ്രസിഡണ്ടിൻ്റെയും ശ്രദ്ധയിൽ പെടുത്തി. മുല്ലപ്പള്ളി പറഞ്ഞത് പറഞ്ഞു,ഇനി അതിൽ മറ്റ് പരസ്യ പ്രതികരണങ്ങളിലേക്ക് ആരും പോകരുതെന്ന് നേതാക്കൾ ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.



































