Home News Kerala ആലിന്‍ ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളില്‍ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളില്‍ കൂടിയും…. വൈകാരിക...

ആലിന്‍ ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളില്‍ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളില്‍ കൂടിയും…. വൈകാരിക കുറിപ്പ് പങ്കുവച്ച് മോഹന്‍ലാല്‍

Advertisement

നാലു പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യാത്രയായിരിക്കുകയാണ് പത്ത് മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാം. വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച ആലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കളായ അരുണും ഷെറിനും സമ്മതം അറിയിക്കുകയായിരുന്നു. ഇപ്പോഴിതാ ആലിന്‍ ഷെറിനെ അനുസ്മരിച്ച് വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.
തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകള്‍ക്ക് പുനര്‍ജന്മത്തിന്റെ പ്രതീക്ഷകള്‍ നല്‍കിയാണ് ആലിന്‍ ഷെറിന്‍ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിട പറഞ്ഞതെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. അതോടൊപ്പം ആലിന്‍ മോളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യ സ്‌നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണെന്നും നടന്‍ കുറിച്ചു.
നാല് പേര്‍ക്ക് ജീവിതത്തിലേക്കുള്ള പുതുനാമ്പുകള്‍ നല്‍കിയാണ് ആലിന്‍ യാത്രയായത്. ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് 2.30 നായിരുന്നു ആലിനും മാതാവും മാതാവിന്റെ രക്ഷിതാക്കളും സഞ്ചരിച്ചിരുന്ന കാറില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ വാഹനം ഇടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആലിനെ ചങ്ങനാശ്ശേരിയിലും തിരുവല്ലയിലുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഫെബ്രുവരി ആറിന് രാത്രിയോടെയാണ് കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഡോക്ടര്‍മാരുടെ തീവ്രശ്രമങ്ങള്‍ക്കും കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെ ഡോക്ടര്‍മാര്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
ആലിന്‍ ഷെറിന്റെ വൃക്കകള്‍ പത്ത് വയസുള്ള കുട്ടിക്ക് ആണ് ദാനം ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. ആറുമാസം പ്രായമുള്ള കുഞ്ഞിലാണ് ആലിന്റെ കരള്‍ തുടിക്കുക. കിംസിലാണ് കുഞ്ഞിന്റെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ.
ഹൃദയവാല്‍വ് ശ്രീചിത്രാ ആശുപത്രിയ്ക്കും നേത്രപടലങ്ങള്‍ കൊച്ചി അമൃതാ ആശുപത്രിയ്ക്കും കൈമാറി. ഹൃദയം നുറുങ്ങുന്ന വേദനയിലും കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ എടുത്ത തീരുമാനം ഒരു വലിയ മാതൃകയാവുകയാണ്.

മോഹന്‍ലാല്‍ പങ്കുവച്ച കുറിപ്പ്….
തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകള്‍ക്ക് പുനര്‍ജന്മത്തിന്റെ പ്രതീക്ഷകള്‍ നല്‍കിയാണ് ആലിന്‍ ഷെറിന്‍ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞത്. ആലിന്‍ മോളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യ സ്‌നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണ്.
ഈ ലോകം മനോഹരമായി നിലനില്‍ക്കുന്നതു തന്നെ ഇതുപോലെയുള്ള നിസ്വാര്‍ത്ഥ സ്‌നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ്. ആലിന്‍ ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളില്‍ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളില്‍ കൂടിയും.

Advertisement