തിരുവനന്തപുരം: സൈനിക കേന്ദ്രത്തിൽ നിന്ന് രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന രണ്ട് ആനക്കൊമ്പുകൾ കാണാതായി. പാങ്ങോട്ട് സൈനിക കേന്ദ്രത്തിൽ നിന്നാണ് ആനക്കൊമ്പുകൾ മോഷണം പോയത്. 17 പേരെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്‌ത പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ത്യൻ ആർമിയുടെ മദ്രാസ് റെജിമെൻ്റിലെ ഒരു ഉദ്യോഗസ്ഥൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്‌ത്. ഓഫിസർമാരുടെ മെസിൽ സൂക്ഷിച്ചിരുന്ന രണ്ട് കോടി രൂപ വിലമതിക്കുന്ന രണ്ട് ആനക്കൊമ്പുകളാണ് മോഷണം പോയത്.
ബുധനാഴ്‌ച അര്‍ധ രാത്രി നടന്ന ഡിജെ പാർട്ടിക്ക് പുറത്ത് നിന്നുള്ളവർ സൈനിക ക്യാമ്പിൽ എത്തിയിരുന്നു. പരിപാടിയിൽ പങ്കെടുക്കാനെത്തിയവരില്‍ ആരെങ്കിലുമാണോ മോഷണം നടത്തിയതെന്ന് സംശയിക്കുന്നതായി എഫ്‌ഐആറിൽ പറയുന്നു. സൈനിക ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 17 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അന്വേഷണത്തിൻ്റെ ഭാഗമായി ഇവരെ പ്രതിരോധ തടങ്കലിൽ വയ്ക്കാൻ പൊലീസ് പ്രത്യേക കേസ് രജിസ്റ്റർ ചെയ്‌തതായും ഉദ്യോഗസ്ഥർ പറഞ്ഞു. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണെന്നും കാണാതായ ആനക്കൊമ്പ് വീണ്ടെടുക്കാൻ വിശദമായ അന്വേഷണം ആവശ്യമാണെന്നും പൂജപ്പുര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു. പതിറ്റാണ്ടുകൾക്ക് മുമ്പ് സൈനിക കേന്ദ്രം പ്രവർത്തനം ആരംഭിച്ചത് മുതൽ ആനക്കൊമ്പ് സൈനിക ക്യാമ്പിലുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ആനക്കൊമ്പ് കേസ്: നേരത്തെയും ആനക്കൊമ്പ് മോഷണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ആനക്കൊമ്പ് കേസിൽ നിരവധി തവണ വിവാദത്തിലായി നടനാണ് മോഹൻലാൽ. മോഹൻലാൽ ആനക്കൊമ്പ് കൈവശം വച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി കുറച്ച് മാസങ്ങൾക്ക് മുമ്പ് റദ്ദാക്കിയിരുന്നു. വനം വകുപ്പിൻ്റെ നടപടി നിയമപരമായി നിലനിൽക്കുന്നില്ലെങ്കിൽ പുതിയ വിജ്ഞാപനം ഇറക്കണമെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി.
മോഹൻലാൽ ആനക്കൊമ്പ് കൈവശം വച്ചതുമായി ബന്ധപ്പെട്ട സർക്കാർ നടപടികളിൽ വീഴ്ച്ചയുണ്ടായെന്നും 2015ലെ സർക്കാർ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ല എന്നത് പിഴവാണെന്നും കോടതി ചൂണ്ടിക്കാട്ടി. മോഹൻലാൽ ആനക്കൊമ്പ് കൈവശം വച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ചോദ്യം ചെയ്‌ത് എറണാകുളം സ്വദേശിയടക്കം നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.
യഥാര്‍ഥ ഉറവിടം ശരിയെന്ന് കണ്ടെത്തിയതിനാലാണ് 4 ആനക്കൊമ്പുകള്‍ കൈവശം വയ്ക്കുന്നത് നിയമ വിധേയമാക്കിയത് എന്നായിരുന്നു വനം വകുപ്പ് ഹൈക്കോടതിയെ അറിയിച്ചത്. 2016ൽ വീട്ടിൽ നിന്നും പിടിച്ചെടുത്ത ആനക്കൊമ്പിൻ്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് മോഹൻലാലിന് അന്നത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ നൽകിയിരുന്നു.




























