Home Business പാൽ പിരിക്കാതെ നേരിട്ട് തൈര്,ദീര്‍ഘകാലം സൂക്ഷിക്കാം, കേരള വെറ്ററിനറി ആൻ്റ് ആനിമൽ സയൻസസ്...

പാൽ പിരിക്കാതെ നേരിട്ട് തൈര്,ദീര്‍ഘകാലം സൂക്ഷിക്കാം, കേരള വെറ്ററിനറി ആൻ്റ് ആനിമൽ സയൻസസ് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർക്ക് പേറ്റന്‍റ്

Advertisement

തിരുവനന്തപുരം: പാൽ പിരിക്കാതെ നേരിട്ട് തന്നെ തൈരും അനുബന്ധ ഉൽപ്പന്നങ്ങളും നിർമ്മിക്കാൻ സഹായിക്കുന്നതും കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിച്ചുവെക്കാവുന്നതുമായ കൾച്ചർ സംഗ്രഹം വികസിപ്പിച്ചെടുത്ത കേരള വെറ്ററിനറി ആൻ്റ് ആനിമൽ സയൻസസ് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർക്ക് പേറ്റന്‍റ് ലഭിച്ചു.

ഉയർന്ന അതിജീവനശേഷിയുള്ള സ്റ്റാർട്ടർ സംഗ്രഹം നിർമ്മിക്കാനാവശ്യമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതിനാണ് വിവിധ ദേശീയ-അന്താരാഷ്ട്ര ഏജൻസികളുടെ ദീർഘകാലത്തെ പരിശോധനകൾക്കും വിലയിരുത്തലിനും ശേഷം പേറ്റന്‍റ് ലഭ്യമായത്. തിരുവനന്തപുരം ഡെയറി സയൻസ് കോളജിലെയും മണ്ണുത്തി വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെയറി ആൻ്റ് ഫുഡ് ടെക്നോളജിയിലെയും അധ്യാപകരായ ഡോ. രജീഷ് ആർ, ഡോ. ബീന എ.കെ, ഡോ. ലിജിമോൾ ജെയിംസ്, ഡോ. പി. സുധീർ ബാബു, ഡോ. എസ്.എൻ. രാജകുമാർ, ഡോ. രചന സി.ആർ എന്നിവരടങ്ങുന്ന സംഘമാണ് ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചത്. ലാക്ടോബാസിലസ് ഇനത്തിൽപ്പെട്ട ‘ലാക്ടികേസി ബാസിലസ് റാംനോസസ്’ എന്ന ബാക്ടീരിയയിലാണ് ഇവർ പഠനം നടത്തിയത്.

സാധാരണയായി ലാക്ടോബാസിലസ് ബാക്ടീരിയകൾ ഫെർമെന്‍റേഷൻ എന്ന വായുരഹിത ശ്വസനപ്രക്രിയയിലൂടെയാണ് പാൽ പുളിപ്പിച്ച് തൈരാക്കുന്നത്. ഇതിലൂടെ വളരെ കുറഞ്ഞ ഊർജ്ജം മാത്രമേ ഉൽപ്പാദിപ്പിക്കപ്പെടുന്നുള്ളൂ.

എന്നാൽ, ഇതേ ബാക്ടീരിയകളെ വായുസഹിത ശ്വസനപ്രക്രിയയ്ക്ക് (Aerobic Respiration) വിധേയമാക്കിയപ്പോൾ ഒട്ടനവധി പ്രയോജനപ്രദമായ മാറ്റങ്ങളാണ് ഉണ്ടായതെന്ന് ഗവേഷകർ കണ്ടെത്തി. ഇത്തരത്തിൽ മാറിയ സാഹചര്യങ്ങളിൽ വളരുമ്പോൾ ബാക്ടീരിയകളുടെ എണ്ണത്തിൽ അഭൂതപൂർവ്വമായ വർദ്ധനവും കൂടുതൽ ക്രിയാത്മകതയും കാര്യശേഷിയും സഹിഷ്ണുതയും പ്രകടമാകുന്നുവെന്ന് പഠനത്തിലൂടെ തെളിയിക്കപ്പെട്ടു. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ തൈരിന്‍റെ ഉറ അഥവാ സ്റ്റാർട്ടർ കൾച്ചർ നാലു മാസത്തിലധികം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ സാധിക്കും.

പുളിപ്പിച്ച നൂതന പാലുൽപ്പന്നങ്ങളുടെ നിർമ്മാണത്തിലൂടെ ക്ഷീരസംസ്കരണ മേഖലയ്ക്ക് വലിയ വിപ്ലവം സൃഷ്ടിക്കാൻ ഈ കണ്ടുപിടുത്തം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നന്നായി തിളപ്പിച്ചാറിയ പാൽ ഉപയോഗിച്ചാണ് സാധാരണ തൈര് തയാറാക്കുന്നത്. പാൽ അധികം ചൂടാറുന്നതിന് മുൻപോ അല്ലെങ്കിൽ തീരെ തണുത്തതിന് ശേഷമോ ഉറയൊഴിക്കുന്നത് തൈരിന്‍റെ ഗുണത്തെ ബാധിക്കുമെന്നതിനാല്‍ ഏകദേശം 30-40 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഉറയൊഴിക്കാൻ ഏറ്റവും അനുയോജ്യം. ഒരു ലിറ്റർ പാലിന് ഒരു ടേബിൾ സ്പൂൺ എന്ന അളവിൽ പഴയ തൈര് ചേർത്താണ് തൈര് ഉണ്ടാക്കുക. ഉറയൊഴിച്ച ശേഷം പാൽ നന്നായി ഇളക്കി യോജിപ്പിക്കുന്നത് ബാക്ടീരിയകൾ പാലിന്‍റെ എല്ലാ ഭാഗത്തും എത്തുന്നതിനും തൈര് നല്ല കട്ടിയായി കിട്ടുന്നതിനും സഹായിച്ചേക്കും.

സാധാരണ താപനിലയിൽ അഞ്ചു മുതൽ എട്ടു മണിക്കൂർ വരെയാണ് തൈര് ഉറയ്ക്കാൻ എടുക്കുന്ന സമയം. കാലാവസ്ഥയിലെ മാറ്റങ്ങൾ ഇതിൽ വ്യത്യാസം വരുത്തിയേക്കാം. തൈര് ആവശ്യത്തിന് പുളിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ ഫ്രിഡ്ജിലേക്ക് മാറ്റുന്നത് കൂടുതൽ പുളിച്ചു പോകുന്നത് ഒഴിവാക്കാൻ സഹായിക്കും. മൺപാത്രങ്ങളിൽ തൈര് തയ്യാറാക്കുന്നത് അതിലെ അധിക ജലാംശം വലിച്ചെടുക്കാനും തൈരിന് പ്രത്യേക രുചി നൽകാനും സഹായിക്കാറുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here