Home News Breaking News വി.എസ്. അച്യുതാനന്ദന്‍റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന എ. സുരേഷിനെ മലമ്പുഴ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ്...

വി.എസ്. അച്യുതാനന്ദന്‍റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന എ. സുരേഷിനെ മലമ്പുഴ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് നീക്കം

Advertisement

പാലക്കാട്/തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന എ. സുരേഷിനെ പാലക്കാട് മലമ്പുഴ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് നീക്കം സജീവമാക്കുന്നു. കോൺഗ്രസിലെ മുതിര്‍ന്ന നേതാക്കൾ തന്നെ സമീപിച്ചതായി സുരേഷ് സ്ഥിരീകരിച്ചു.

ഇടതുപക്ഷത്തിന്‍റെ ഉറച്ച കോട്ടയായ മലമ്പുഴയിൽ സുരേഷിനെപ്പോലൊരു വ്യക്തിയെ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കുന്നത് രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ. ഏറെക്കാലം വി.എസിന്‍റെ വിശ്വസ്തനായിരുന്ന സുരേഷിന്‍റെ സ്ഥാനാർത്ഥിത്വം മണ്ഡലത്തിലെ വോട്ടുനിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നു. വിഭാഗീതയുടെ പേരില്‍ പത്തു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നു മാറ്റി നിര്‍ത്തപ്പെട്ട വ്യക്തി കൂടിയാണ് സുരേഷ്.

അതേസമയം, കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും മത്സരിക്കുന്ന കാര്യത്തിൽ താൻ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് സുരേഷ് വ്യക്തമാക്കി. പാർട്ടിക്കുള്ളിലെ ആഭ്യന്തര വിഷയങ്ങളും ഭാവി പരിപാടികളും സംബന്ധിച്ച് കൂടുതൽ വ്യക്തത ആവശ്യമാണെന്നും തന്‍റെ നിലപാടുകൾ വ്യക്തമാക്കാൻ കൂടുതൽ സമയം വേണമെന്നുമാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടിട്ട് 11 വർഷമായെങ്കിലും താൻ ഇപ്പോഴും ഇടതുപക്ഷ അനുഭാവിയായി തുടരുകയാണെന്നും കേരളത്തിലെ ഇടതുപക്ഷ മൂല്യങ്ങൾ ചോർന്നുപോകുന്നതിൽ പ്രതിഷേധിക്കുന്നവർക്കൊപ്പമാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുറത്താക്കപ്പെട്ടതിനെതിരെ നാല് തവണ അപ്പീൽ നൽകിയിട്ടും മറുപടി ലഭിച്ചില്ലെന്നും എന്തിനാണ് തന്നെ പുറത്താക്കിയതെന്ന് ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ലെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ മറ്റൊരു പാർട്ടിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും നേതൃത്വത്തിന്‍റെ നിർദ്ദേശങ്ങൾ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറെ രാഷ്ട്രീയ പ്രധാന്യം ഉള്ള മണ്ഡലം കൂടിയാണ് മലമ്പുഴ. ഇ.കെ. നായനാരും വി.എസ്. അച്യുതാനന്ദനും വിജയിച്ചു വന്ന ചരിത്രപ്രാധാന്യമുള്ള മണ്ഡലമാണിത്. 2001 മുതൽ തുടർച്ചയായി നാല് തവണ വി.എസ്. അച്യുതാനന്ദൻ ഇവിടെ നിന്ന് നിയമസഭയിലെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എ. പ്രഭാകരൻ 25,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മണ്ഡലം നിലനിർത്തിയത്. ഈ സാഹചര്യത്തിൽ സുരേഷിന്‍റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഏറെ ആകാംക്ഷയുണർത്തുന്ന ഈ വിഷയങ്ങളിൽ സുരേഷിന്‍റെയും കോൺഗ്രസ് നേതൃത്വത്തിന്‍റെയും അടുത്ത നീക്കങ്ങൾ എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകരും അണികളും.

Advertisement