സമൂഹമാധ്യമത്തിൽ അപകീർത്തിപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചതിനെ തുടർന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ലീഗ് വനിതാ നേതാവ് ഷിംജിതയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ഷിംജിതയെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇക്കാര്യം ഉൾപ്പെടുത്തി പൊലിസ് ശനിയാഴ്ച കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ദീപകിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് ജനുവരി 18നാണ് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്.
ബസിലെ സിസിടിവി ദൃശ്യങ്ങളിൽ അസ്വഭാവികതയില്ലെന്നും പ്രതിക്ക് പീഡന ശ്രമമോ ശാരീരിക ബുദ്ധിമുട്ടുകളോ ഉണ്ടായിട്ടില്ലെന്നുമാണ് പൊലീസിൻ്റെ റിപ്പോർട്ട്. ബസിൽവെച്ച് ദീപക്കിനെ ഉൾപ്പെടുത്തിയുള്ള ഏഴോളം വീഡിയോകളാണ് ഷിംജിത മൊബൈലിൽ ചിത്രീകരിച്ചത്. ഇവ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചതായും കണ്ടെത്തി. പൊലീസിൽ പരാതി നൽകാതെയാണ് വീഡിയോ പ്രചരിപ്പിച്ചത്.
വടകരയിലെ ലീഗ് നേതാവും അരീക്കോട് പഞ്ചായത്ത് മുൻ അംഗവുമാണ് ഷിംജിത. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ ഇവർ ഒളിവിലായിരുന്നു. വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് ഷിംജിതയെ അറസ്റ്റ് ചെയ്തത്. നിലവിൽ മഞ്ചേരി വനിതാ ജയിലിലാണുള്ളത്.




























