തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു യാത്രക്കാരിയുടെ അഞ്ചുലക്ഷത്തിലധികം രൂപ വിലവരുന്ന സ്വർണ്ണാഭരണങ്ങൾ അടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതിയെ റെയിൽവേ സംരക്ഷണ സേനയുടെ കുറ്റാന്വേഷണ വിഭാഗവും സർക്കാർ റെയിൽവേ പോലീസും സംയുക്തമായി പിടികൂടി. തമിഴ്നാട് കന്യാകുമാരി ജില്ലയിൽ ഭൂതപ്പാണ്ടി സ്വദേശിയായ ശ്യാം ക്രിസ്പിൻ (42) ആണ് ഇന്ന് രാവിലെ തമ്പാനൂരിൽ പിടിയിലായത്.
കഴിഞ്ഞ മാസം ഇരുപത്തിയഞ്ചിന് സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് മോഷണം നടന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കണ്ടെത്തുന്നതിനായി തമ്പാനൂർ, കിഴക്കേകോട്ട, കരമന, അരിസ്റ്റോ മേഖലകളിലെ ഇരുനൂറിലധികം നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണ സംഘം പ്രതിയിലേക്കെത്തിയത് നെടുമങ്ങാട് വാണ്ട പ്രദേശത്തെ ഒരു അരിമില്ലിന് സമീപമുള്ള പലകപ്പെട്ടിയിലാണ് മോഷണമുതൽ ഒളിപ്പിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നഷ്ടപ്പെട്ട മുഴുവൻ സ്വർണ്ണാഭരണങ്ങളും കണ്ടെടുത്തു. ജോലി ഒന്നും ചെയ്യാത്ത ഇയാൾ മദ്യപാനത്തിനും മറ്റ് ചെലവുകൾക്കുമായി മോഷണം നടത്തിയതാണെന്ന് പോലീസിനോട് സമ്മതിച്ചു. പരിശോധനയിൽ പ്രതിക്കെതിരെ മറ്റ് കേസുകൾ ഇല്ലെന്നും വ്യക്തമായി.

മദ്യത്തിനും മയക്കുമരുന്നിനും അടിമയായ പ്രതി വിവാഹിതനാണെങ്കിലും കുടുംബവുമായി ബന്ധമില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.
റെയിൽവേ സംരക്ഷണ സേന തിരുവനന്തപുരം ഡിവിഷണൽ കമ്മീഷണർ മുഹമ്മദ് ഹനീഫ്യുടെ പ്രത്യേക നിർദ്ദേശപ്രകാരം, ആർ.പി.എഫ് ഇൻസ്പെക്ടർ ബി.എൽ. ബിനുകുമാർ, കുറ്റാന്വേഷണ ഇൻസ്പെക്ടർ ജിപിൻ എ.ജെ., സർക്കാർ റെയിൽവേ പോലീസ് ഇൻസ്പെക്ടർ സജിത്ത്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ആർ.പി.എഫ്, സർക്കാർ റെയിൽവേ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംയുക്ത സംഘമാണ് അന്വേഷണവും അറസ്റ്റും നടത്തിയത്. റെയിൽവേ യാത്രക്കിടെ യാത്രക്കാരുടെ അശ്രദ്ധ മൂലമാണ് ഇത്തരം മോഷണങ്ങൾ നടക്കുന്നതെന്ന് ജിപിൻ എ.ജെ പറഞ്ഞു. യാത്രക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ പരിശോധനകൾ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ പ്രതിയെ തുടർ നിയമനടപടികൾക്കായി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






























