Home News Breaking News പെൺകുട്ടിയെ ലഹരിക്കടിമയായ പിതാവ് വെട്ടിക്കൊന്നു

പെൺകുട്ടിയെ ലഹരിക്കടിമയായ പിതാവ് വെട്ടിക്കൊന്നു

Advertisement

കാസർഗോഡ്. മഞ്ചേശ്വരത്ത് മകളെ ലഹരിക്കടിമയായ പിതാവ് വെട്ടിക്കൊന്നു. തൂമിനാട് സ്വദേശി ജുമൈലയെയാണ് പിതാവ് ഉമ്മർ കൊലപ്പെടുത്തിയത്. ഉമ്മറിന്റെ ആക്രമണത്തിൽ ബന്ധു സേഖ് അബ്ബാക്ക് പരുക്കേറ്റു. നാട്ടുകാർ പിടികൂടിയ പ്രതിയെ പോലീസിന് കൈമാറി.

വൈകിട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം. ഉമ്മർ ഫാറൂഖിന്റെ ലഹരി ഉപയോഗത്തെ എതിർത്ത് മകൾ ജുമൈലയും മാതാവും കുഞ്ചത്തൂർ തൂമിനാടുള്ള ബന്ധുവീട്ടിൽ ആയിരുന്നു താമസം. വിവാഹമോചന കേസ് നടക്കുന്നതിനാൽ ജുമൈലയുടെയും മാതാവിന്റെയും സ്വർണാഭരണങ്ങൾ തിരികെ നൽകണമെന്ന് പ്രതിയായ ഉമ്മറിനോട് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിൽ ജുമൈലയുടെ മാതാവിന്റെ പേരിലുണ്ടായ സ്ഥലം തന്റെ പേരിൽ എഴുതി നൽകണമെന്ന് പ്രതിയും ആവശ്യപ്പെട്ടു. ഇക്കാര്യം ചർച്ച ചെയ്യാൻ ജുമൈലയും മാതാവും താമസിക്കുന്ന തൂമിനാട് ഹിൽ ടോപ്പിലുള്ള വീട്ടിൽ പ്രതിയും സഹോദരനും എത്തി. തന്റെ പേരിലുള്ള സ്ഥലം ഉമ്മറിന്റെ പേരിൽ എഴുതി നൽകില്ലെന്നും മകൾ ജുമൈലയുടെ പേരിൽ എഴുതാമെന്നും ഭാര്യ പറഞ്ഞതോടെ ഉമ്മർ പ്രകോപിതനാവുകയായിരുന്നു. കയ്യിൽ ഒളിപ്പിച്ചിരുന്ന കത്തി വീശിയതോടെ ബന്ധുവായ സേഖ് അബ്ബായ്ക്ക് പരുക്കേറ്റു. ഇത് തടയാനുള്ള ശ്രമത്തിനിടെയാണ് ജുമൈലയ്ക്ക് കുത്തേറ്റത്.

നാട്ടുകാരും ബന്ധുക്കളും ചേർന്ന് പിടികൂടിയ പ്രതിയെ പോലീസിൽ ഏൽപ്പിച്ചു. ഇയാൾ കർണാടകത്തിൽ നിരവധി ലഹരി കേസുകളിൽ പ്രതിയാണ്. വിദേശത്തായിരുന്നു പ്രതി ലഹരി ഉപയോഗത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടതോടെ അടുത്തിടെയാണ് നാട്ടിലെത്തിയത്.