കൊച്ചി. തിരുവാണിയൂരിൽ പെൺകുട്ടിക്ക് നേരെ കൂട്ടംചേർന്ന് സദാചാര ആക്രമണം. ഓഫീസിൽനിന്ന് രാത്രി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊല്ലം സ്വദേശിനിയെ ചീത്ത വിളിച്ച് ക്രൂരമായി മർദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. 9 പേർക്കെതിരെ പുത്തൻ കുരിശ് പോലീസ് കേസെടുത്തു. പോലീസ് കേസ് ഒതുക്കാൻ ശ്രമിക്കുന്നുവെന്ന് ചികിത്സയിൽ കഴിയുന്ന പെൺകുട്ടി പറഞ്ഞു.
ജനുവരി 29ന് രാത്രി 10 മണിയോടെ തിരുവാണിയൂരിൽ പെൺകുട്ടിക്ക് നേരെ നടന്നത് സദാചാര ഗുണ്ടായിസം . സ്വകാര്യ കമ്പനിയിൽ നിന്ന് ഷിഫ്റ്റ് കഴിഞ്ഞ് രാത്രി 10 മണിയോടെ ആൺ സുഹൃത്തുമായി പെയിൻ ഗസ്റ്റ് ആയി താമസിക്കുന്ന വീട്ടിലേക്ക് വരികയായിരുന്നു പെൺകുട്ടി. ഈ സമയം ഒന്നാം പ്രതിയായ മണിക്കുട്ടൻ ആക്രോശിച്ചുകൊണ്ട് ഇവർക്ക് നേരെ വരികയും രാത്രി ഇരുവരും ഒരുമിച്ചു വരുന്നത് ചോദ്യം ചെയ്യുകയും ചെയ്തു. പെൺകുട്ടി തിരിച്ച് സംസാരിച്ചപ്പോൾ മർദ്ദനം. രണ്ടാം പ്രതിയായ ബിബിനും ബേബിയും കണ്ടാലറിയാവുന്ന ആറുപേരും ചേർന്ന് മർദ്ദിക്കുകയും നിലത്തേക്ക് തള്ളിയിട്ട് ചവിട്ടുകയും മാനഹാനി വരുത്തുകയും ചെയ്തുവെന്ന് എ പുത്തൻ കുരിശു പോലീസിന്റെ എഫ്ഐആറിൽ പറയുന്നു. കൂടെയുണ്ടായിരുന്ന ആൺ സുഹൃത്തിനെയും ക്രൂരമായി മർദ്ദിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് കൊല്ലത്തേക്ക് തിരിച്ചുപോയ പെൺകുട്ടി മൂന്നുദിവസമായി ചികിത്സയിലാണ്. മൂക്കിനും വായിലും ഗുരുതര പരിക്കേറ്റു.
പോലീസ് കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നു എന്നതാണ് കുടുംബത്തിൻറെ പരാതി. ഇതുവരെ പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി പട്ടികയിൽ ഉള്ളവർ നാട്ടിൽ തന്നെയുണ്ടെന്ന് പ്രദേശവാസികൾ തന്നെ പറയുന്നു. പെൺകുട്ടിയും സുഹൃത്തും ചേർന്ന് മർദ്ദിച്ചു എന്ന പ്രതികളുടെ കൗണ്ടർ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
































