മാനന്തവാടി: തിരുനെല്ലി കാളിന്ദി നദിയിൽ കുളിക്കുന്നതിനിടെ കയത്തിൽ മുങ്ങിയ വിദേശവനിതയ്ക്കും സുഹൃത്തിനും നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലൂടെ പുതുജീവൻ.
ഞായറാഴ്ച വൈകിട്ട് തിരുനെല്ലി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. നദിയുടെ ആഴം കുറഞ്ഞ ഭാഗത്ത് കുളിക്കുന്നതിനിടെ ഒരാൾ അപ്രതീക്ഷിതമായി കയത്തിൽപ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൂടെയുണ്ടായിരുന്ന സുഹൃത്തായ വിദേശ വനിതയും വെള്ളക്കെട്ടിൽ മുങ്ങുകയായിരുന്നു. ഇരുവർക്കും നീന്തൽ അറിയില്ലായിരുന്നു.
ഈ സമയം
ബഹളം കേട്ട് ഓടിയെത്തിയ പാണ്ടിക്കടവ് സ്വദേശികളായ സി.കെ ഉമ്മർ, സി.കെ ജലീൽ എന്നിവരും, അവിടെയുണ്ടായിരുന്ന മറ്റൊരു സഞ്ചാരിയും ഒട്ടും വൈകാതെ പുഴയിലേക്ക് ചാടി. മുങ്ങി താഴുകയായിരുന്ന രണ്ടുപേരെയും കരയ്ക്കെത്തിക്കുകയായിരുന്നു. നല്ല ആഴമേറിയ ഭാഗമാണ് ഇതെന്നും നിമിഷങ്ങൾ വൈകിയിരുന്നെങ്കിൽ അപകടം ഗുരുതരമാകുമായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. അപകടത്തിൽപ്പെട്ട വനിത
നെതർലണ്ട് സ്വദേശിനിയാണെന്നാണ് സൂചന.
അവധി ദിനമായതിനാൽ
കുടുംബത്തോടൊപ്പം കറങ്ങാനിറങ്ങിയതായിരുന്നു ഉമ്മറും ജലീലും. അതിനിടയിലായിരുന്നു ഈ സംഭവം. സ്വജീവൻ പണയപ്പെടുത്തി വിദേശസഞ്ചാരികളെ രക്ഷിച്ച മൂവരേയും നാട്ടുകാർ അഭിനന്ദിച്ചു.





























