കോട്ടയം: കേരളത്തിലെ പ്രബല സമുദായ സംഘടനകളായ എന്‍എസ്എസും എസ്എന്‍ഡിപിയും തമ്മില്‍ പ്രഖ്യാപിച്ച ഐക്യനീക്കത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറി.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കഴിഞ്ഞ ദിവസം നടത്തിയ സംയുക്ത പ്രസ്താവനയ്ക്ക് വിരുദ്ധമായാണ് പുതിയ തീരുമാനം പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഐക്യനീക്കത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. വെള്ളാപ്പള്ളി നടേശന്‍ മലപ്പുറം വിഷയത്തില്‍ അടുത്തിടെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബോര്‍ഡ് അംഗങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇത്തരം നിലപാടുകളുള്ളവരുമായി സഹകരിക്കുന്നത് സംഘടനയുടെ അന്തസിന് ചേര്‍ന്നതല്ലെന്ന അഭിപ്രായമാണ് ഭൂരിഭാഗം അംഗങ്ങളും പങ്കുവെച്ചത്.
സംഘടനയുടെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള യാതൊരു ഐക്യത്തിനും എന്‍എസ്.എസ് തയാറല്ലെന്ന് ജി. സുകുമാരന്‍ നായര്‍ ഒപ്പിട്ട പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഇതോടെ, ഇരു സംഘടനകളും കൈകോര്‍ക്കുന്നത് കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. നേരത്തെ സിപി.എം ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഈ ഐക്യനീക്കത്തെ സ്വാഗതം ചെയ്തിരുന്നുവെങ്കിലും പുതിയ നിലപാട് അവര്‍ക്കും തിരിച്ചടിയായി.


































