നെയ്യാറ്റിൻകരയിലെ ഒരുവയസ്സുകാരന്‍റെ മരണം; ദുരൂഹത തുടരുന്നു, മാതാപിതാക്കളെ ചോദ്യം ചെയ്ത് വിട്ടയച്ചു

Advertisement

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഒരുവയസ്സുകാരന്‍റെ മരണത്തിൽ ദുരൂഹത തുടരുന്നു. കുട്ടിയുടെ മാതാപിതാക്കളെ അന്വേഷണസംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. അച്ഛൻ കൊടുത്ത ബിസ്കറ്റ് കഴിച്ച ശേഷമാണ് കുട്ടി കുഴഞ്ഞ് വീണത് എന്നായിരുന്നു ആദ്യത്തെ ആരോപണം. പക്ഷെ പൊലീസ് ഇത് ശരിവെച്ചിട്ടില്ല. വെള്ളിയാഴ്ച്ച രാത്രിയാണ് നെയ്യാറ്റിൻകര കവളാകുളം സ്വദേശികളായ ഷിജിന്‍റെയും കൃഷ്ണപ്രിയയുടെയും മകനായ ഇഹാൻ കുഴഞ്ഞ് വീണത്. പിന്നാലെ കുട്ടിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ശനിയാഴ്ച്ച പുലർച്ചെ കുട്ടി മരിക്കുകയായിരുന്നു.

വെള്ളിയാഴ്ച്ച രാത്രി ഷിജിൻ വാങ്ങികൊണ്ടു വന്ന ബിസ്കറ്റ് കൃഷ്ണപ്രിയ കുട്ടിക്ക് നൽകിയിരുന്നു. ഇത് കഴിച്ച് അരമണിക്കൂറിനുള്ളിൽ കുഞ്ഞ് കുഴ‍ഞ്ഞ് വീണു. വായില്‍ നിന്ന് നുരയും പതയും വന്നു. ചുണ്ടിനും വായ്ക്കും നിറ വ്യത്യാസമുണ്ടാവുകയും ചെയ്തു. ഇതോടെയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ എന്താണ് മരണകാരണമെന്നതിൽ ഇത് വരെയും വ്യക്തത വന്നിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ ഇതിൽ വ്യക്തത വരികയുള്ളൂ. കുഞ്ഞ് കഴിച്ച ഭക്ഷണങ്ങളുടെ സാമ്പിളുകളടക്കം ഫോറൻസിക് ഉദ്യോഗസ്ഥർ ശേഖരിക്കുകയും ചെയ്തു.

ഒരാഴ്ച്ച മുൻപ് കുട്ടി വീണ് കൈപൊട്ടിയിരുന്നു. ഇത് കുട്ടിയുടെ മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല എന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു. ഇന്നലെ രാത്രി ഷിജിനെ നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു. രാവിലെയും തുടർന്ന ചോദ്യം ചെയ്യലിൽ ദുരൂഹത ഒന്നും കണ്ടത്താനായില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് നിലവിലെ കണ്ടെത്തൽ. പോസ്റ്റ് മോർട്ടം റിപ്പോർട്ടാണ് ഇനി പ്രധാനം. റിപ്പോർട്ട് കിട്ടിയ ശേഷം മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here