തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തൃശൂരിൽ കൊടിയിറക്കം. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു. നടൻ മോഹൻലാൽ മുഖ്യാതിഥിയായി. സമാപന സമ്മേളന ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി വി ശിവൻകുട്ടിയെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിനന്ദിച്ചു. കലോത്സവ ചട്ടം ഭേദഗതി ചെയ്തുകൊണ്ട് കാസര്‍കോട്ടെ സിയ ഫാത്തിമക്ക് കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം നൽകിയതിലാണ് മന്ത്രി വി ശിവൻകുട്ടിയെ വേദിയിൽ വെച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിനന്ദിച്ചത്. യാത്ര ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ട സിയ ഫാത്തിമക്ക് വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി എച്ച് എസ് വിഭാഗം അറബിക് പോസ്റ്റര്‍ രചനാ മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയിരുന്നു.
വാസ്കു ലിറ്റിസ് എന്ന ഗുരുതര രോഗം ബാധിച്ച് ചികിത്സയിലാണ് സിയ ഫാത്തിമ. സംസ്കാരിക കേരളത്തിന്‍റെ തലസ്ഥാനമെന്ന് തൃശൂരിനെ വെറുതെ പറയുന്നതല്ലെന്നും ഈ നാട് കലോത്സവം നെഞ്ചേറ്റിയെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വിഡി സതീശൻ പറഞ്ഞു. എന്നും ഓര്‍ത്തിരിക്കാൻ പറ്റുന്ന അനുഭവങ്ങളുടെ ഓര്‍മയാണ് കലോത്സവം സമ്മാനിക്കുന്നതെന്നും നമ്മുടെ എല്ലാ സ്വപ്നങ്ങളെയും യഥാര്‍ഥ്യമാക്കാൻ കരുത്തുള്ളവരാണ് ഈ കുട്ടികളെന്നും വിഡി സതീശൻ പറഞ്ഞു. ജര്‍മ്മനയിലേക്കോ ബ്രിട്ടണിലേക്കോ ഒന്നും പോകാതെ എല്ലാവരും ഇവിടെ തന്നെ ഉണ്ടാകണം.
അത്തരത്തിൽ കുട്ടികള്‍ വിദേശത്തേക്ക് പോകുന്നതിൽ തങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും അവരെ ഇവിടെ തന്നെ നിര്‍ത്തിയാൽ സംസ്ഥാനത്തെ എവിടെ എത്തിക്കാനാകുമെന്ന് നമുക്ക് അറിയാമെന്നും വിഡി സതീശൻ പറഞ്ഞു. കേരളം ഒരു വൃദ്ധസദനമായി മാറുമോയെന്ന ആശങ്കയുണ്ട്. അങ്ങനെയുണ്ടാകരുത്. കേരളത്തെ മാറ്റിയെടുക്കാൻ കഴിയുന്ന യുവത്വമാണ് ഇവിടെയുള്ളതെന്നും വിഡി സതീശൻ പറഞ്ഞു.
അടുത്തവര്‍ഷം മുതൽ കലോത്സവ നടത്തിപ്പിൽ കാതലായ മാറ്റമുണ്ടാകുമെന്നും അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ തന്നെ സ്കൂള്‍, സബ് ജില്ല, ജില്ല, സംസ്ഥാന കലോത്സവങ്ങളുടെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്കൂള്‍ കലോത്സവങ്ങളിലെ പരാതി ഒഴിവാക്കാൻ പുറത്തുനിന്ന് നിരീക്ഷകരെ നിയോഗിക്കും. കലോത്സവവും ഇൻക്ലൂസീവ് ഫെസ്റ്റിവലായി മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കും. കലയെ ഗൗരവമായി കാണുന്ന കുട്ടികള്‍ക്ക് കലാ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും. കലാവാസനയുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ സ്കൂളിൽ പ്രത്യേക അധ്യാപകരെ നിയമിക്കാനുള്ള നടപടി സ്വീകരിക്കും. ഭിന്നശേഷി കുട്ടികള്‍ക്ക് കൂടി പങ്കെടുക്കുന്ന രീതിയിൽ കലോത്സവം മാറ്റുന്നത് പരിഗണനയിലാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.







































