തിരുവനന്തപുരം: സിപിഎം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വച്ച നടന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് എസ് രാജേന്ദ്രന്‍ അംഗത്വം സ്വീകരിച്ചു. കാലങ്ങളായി പ്രവര്‍ത്തിച്ച് വന്നിരുന്ന പ്രസ്ഥാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് രാഷ്ട്രീയ മാറ്റത്തിന് മുതിരുന്നത് എന്ന് എസ് രാജേന്ദ്രന്‍ പ്രതികരിച്ചു.
ദീര്‍ഘകാല രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന താന്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പൊതു രംഗത്ത് ഉണ്ടായിരുന്നു. ഇക്കാലത്ത് വലിയ തോതില്‍ മാനസിക പ്രയാസങ്ങള്‍ ഉണ്ടായി. ദേവികുളം എംഎല്‍എ എ രാജയ്ക്ക് എതിരായ പ്രവര്‍ത്തിച്ചു എന്ന പേരില്‍ തനിക്കെതിരെ പാര്‍ട്ടി നടപടി എടുത്തു. എന്നാല്‍ സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ ഉള്‍പ്പെടെ എനിക്കെതിരെ ഒരൂ ആരോപണവും ഇതുവരെ ഉയന്നിട്ടില്ല. ഉപദ്രവിക്കരുത് എന്ന് പലപ്പോഴും ആവശ്യപ്പെട്ടു. പലതും സഹിച്ചെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.


































