പാലക്കാട്: വടക്കഞ്ചേരിയില്‍ അയല്‍വാസിയുടെ വെട്ടേറ്റ് കുടുംബനാഥന്‍ മരിച്ചു. മംഗലംഡാം തളികകല്ല് ആദിവാസി ഉന്നതിയിലെ രാജാമണി (47) ആണ് മരിച്ചത്. അയല്‍വാസിയായ രാഹുലാണ് രാജാമണിയെ കൊലപ്പെടുത്തിയത്.
വ്യാഴം രാത്രി ഒമ്പതോടെയാണ് സംഭവം. ഉന്നതിയില്‍ മകരവിളക്കുമായി ബന്ധപ്പെട്ട് പൂജ നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. തളികല്ലിലെ വീടിന് സമീപത്ത് വച്ച് വെട്ടുകത്തിയുമായി രാഹുല്‍ ആക്രമിക്കുകയായിരുന്നു. രാജാമണിയുടെ മകളും രാഹുലും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് മംഗലംഡാം പൊലീസ് പറഞ്ഞു.
ആക്രമണത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്നും രാഹുല്‍ രക്ഷപ്പെടുകയും ചെയ്തു. ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും മംഗലംഡാം പൊലീസ് അറിയിച്ചു. രാജാമണിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


































