ശബരിമല ഭണ്ഡാരത്തില്‍ നിന്ന് വിദേശകറന്‍സികളും സ്വര്‍ണവും വായ്ക്കുള്ളിലാക്കി കടത്തി: രണ്ട് ദേവസ്വം ജീവനക്കാര്‍ അറസ്റ്റില്‍

Advertisement

ശബരിമല ഭണ്ഡാരത്തില്‍ നിന്ന് വിദേശകറന്‍സികളും സ്വര്‍ണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാര്‍ അറസ്റ്റില്‍. ആലപ്പുഴ കൊടുപ്പുന്ന മനയില്‍ വീട്ടില്‍ എം ജി ഗോപകുമാര്‍ (51), കൈനകരി നാലുപുരയ്കല്‍ സുനില്‍ ജി നായര്‍(51) എന്നിവരാണ് ദേവസ്വം വിജിലന്‍സിന്റെ പിടിയിലായത്. രണ്ടുപേരും താത്കാലിക ജീവനക്കാരാണ്. ഇരുവരെയും സന്നിധാനം പൊലീസിന് കൈമാറി.

ജോലികഴിഞ്ഞ് ഇറങ്ങുമ്പോള്‍ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും വായ നിറഞ്ഞിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. വിദേശകറന്‍സികളില്‍ കോട്ടിങ് ഉള്ളതിനാല്‍ വായില്‍ ഇട്ടാലും കേടാകില്ല. അതാണ് പ്രതികള്‍ പ്രയോജനപ്പെടുത്തിയത്. ഗോപകുമാറില്‍നിന്ന് മലേഷ്യന്‍ കറന്‍സിയും സുനിലില്‍നിന്ന് യൂറോ, കനേഡിയന്‍, യുഎഇ കറന്‍സികളുമാണ് കണ്ടെടുത്തത്.
ഇവരുടെ മുറികളില്‍ നടത്തിയ പരിശോധനയില്‍ ഗോപകുമാറിന്റെ ബാഗില്‍നിന്ന് 500 രൂപയുടെ 27 നോട്ടും 100ന്റെ രണ്ടുനോട്ടും ഇരുപതിന്റെ നാല് നോട്ടും പത്തിന്റെ നാല് നോട്ടും ഉള്‍പ്പെടെ 13,820 രൂപയും രണ്ട് ഗ്രാമിന്റെ സ്വര്‍ണലോക്കറ്റും കണ്ടെടുത്തു. സുനില്‍ ജി നായരുടെ ബാഗില്‍നിന്ന് 500 രൂപയുടെ 50 നോട്ടും 17 വിദേശ കറന്‍സികളും അടക്കം 25,000 രൂപ കണ്ടെടുത്തതായി വിജിലന്‍സ് എസ്പി വി. സുനില്‍കുമാര്‍ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here