കൊല്ലം: കൊല്ലം ചിറക്കര പഞ്ചായത്തിൽ വൈസ് പ്രസിഡന്‍റ് സ്ഥാനം നറുക്കെടുപ്പിലൂടെ ബിജെപിക്ക് ലഭിച്ചു. എട്ടാം വാർഡിൽ നിന്ന് വിജയിച്ച ബിജെപിയുടെ രമ്യയാണ് വൈസ് പ്രസിഡന്‍റ്. യുഡിഎഫ് പിന്തുണയോടെ സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇവിടെ പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥിയായ ഉല്ലാസ് കൃഷ്ണൻ ആണ് പ്രസിഡന്‍റ്.
എൻഡിഎ -6, യുഡിഎഫ് -5, എൽഡിഎഫ്-5, സ്വതന്ത്രൻ- 1 എന്നിങ്ങനെയായിരുന്നു പഞ്ചായത്തിലെ കക്ഷി നില. സ്വതന്ത്രൻ യുഡിഎഫിനൊപ്പം ചേർന്നതോടെ നറുക്കെടുപ്പിലേക്ക് പോവുകയായിരുന്നു. സ്വതന്ത്രൻ യുഡിഎഫിനൊപ്പം ചേര്‍ന്നതോടെ എൻഡിഎയ്ക്കും യുഡിഎഫിനും ആറു വീതം വോട്ടായി. ഇതോടെയാണ് വൈസ് പ്രസിഡന്‍റ് സ്ഥാനം നറുക്കെടുപ്പിലൂടെ ബിജെപിക്ക് ലഭിച്ചത്.
അതേസമയം, കൊല്ലം തഴവ ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡന്‍റ് സ്ഥാനം എൽഡിഎഫിന് ലഭിച്ചു. സിപിഐയുടെ നിസാം തോപ്പിത്തറയാണ് വൈസ് പ്രസിഡന്റ്. സിപിഎമ്മിന്‍റെ ആർ. സുജയാണ് പ്രസിഡന്‍റ്. യുഡിഎഫ് -9, എൽഡിഎഫ് -10 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില. ഒരു വോട്ട് അസാധുവായതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്‍റ് സ്ഥാനം എൽഡിഎഫിന് ലഭിച്ചത്. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് 10 വോട്ടും ഉണ്ടായിരുന്നതിനാൽ എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. കൊല്ലം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനം നറുക്കെടുപ്പിലൂടെ യുഡിഎഫിന് ലഭിച്ചു. എൽഡിഎഫിനും യുഡിഎഫിനും തുല്യ കക്ഷി നിലയായിരുന്നു. യുഡിഎഫ് -8 എൽഡിഎഫ് -8 എന്നതായിരുന്നു സീറ്റ് നില. ഒരു ബിജെപി അംഗം വിട്ടു നിന്നതോടെയാണ് നറുക്കെടുപ്പിലേക്ക് പോയത്. ഗായത്രി ദേവിയാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്, സാം വർഗീസ് ആണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്.
ആലപ്പുഴ ജില്ലയിലെ എട്ട് പഞ്ചായത്തുകൾ എൻഡിഎ ഭരിക്കും. ആല, ബുധനൂർ, കാർത്തികപ്പള്ളി, തിരുവൻവണ്ടൂർ, പാണ്ടനാട്, ചെന്നിത്തല, ചേന്നംപള്ളിപ്പുറം, നീലംപേരൂർ പഞ്ചായത്തുകളിലാണ് എൻഡിഎ ഭരണം പിടിച്ചത്. ആലാ പഞ്ചായത്ത് പ്രസിഡൻ്റായി അനീഷാ ബിജുവും, ബുധനൂർ പ്രസിഡൻ്റായി പ്രമോദ് കുമാറും കാർത്തികപ്പള്ളി പ്രസിഡൻ്റായി പി ഉല്ലാസനും തിരുവൻവണ്ടൂർ പ്രസിഡൻ്റായി സ്മിതാ രാജേഷും പാണ്ടനാട് പഞ്ചായത്ത് പ്രസിഡൻറായി ജിജി കുഞ്ഞുകുഞ്ഞും ചെന്നിത്തല പ്രസിഡൻ്റായി ബിനുരാജും ചേന്നം പള്ളിപ്പുറം പ്രസിഡൻ്റായി വിനീതവിയും നീലംപേരൂർ പ്രസിഡൻ്റായും വിനയചന്ദ്രനും തെരഞ്ഞെടുക്കപ്പെട്ടു.



































