പത്തനംതിട്ട. ശബരിമല സ്വർണ്ണക്കൊള്ള തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ വിലയിരുത്തൽ. പത്മകുമാറിനെതിരെ സംഘടനാ നടപടി സ്വീകരിക്കേണ്ടതായിരുന്നു എന്നും സെക്രട്ടറിയേറ്റിൽ ആവശ്യമുയർന്നു. മാധ്യമങ്ങളിലൂടെ പരസ്യ പ്രതികരണം നടത്തിയ മുൻ എംഎൽഎ കെ സി രാജഗോപാലിന്റെത് അച്ചടക്കലങ്കനമാണെന്നും സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. പാരഡി ഗാനത്തിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും.
സമീപകാലത്ത് സിപിഐഎമ്മുമായി ബന്ധപ്പെട്ട് ജില്ലയിൽ ഉയർന്ന എല്ലാ വിവാദ വിഷയങ്ങളും ജില്ലാ സെക്രട്ടറിയേറ്റ് യോഗം സമഗ്രമായി ചർച്ച ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടാൻ കാരണം ശബരിമല കൊള്ളയാണെന്ന് യോഗം വിലയിരുത്തി. പത്മകുമാറിനെതിരെ ആദ്യഘട്ടത്തിൽ ആരോപണമുയർന്നപ്പോൾ തന്നെ സംഘടനാ നടപടി സ്വീകരിക്കേണ്ടതായിരുന്നു. ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് സംസ്ഥാന നേതൃത്വം ആവർത്തിക്കുന്നതിനിടയിലാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൻ്റെ നിലപാട്. ജില്ലാ കമ്മിറ്റി കൂടി വിഷയങ്ങൾ ചർച്ച ചെയ്തതിനു ശേഷം സംസ്ഥാന നേതൃത്വത്തെ കാര്യങ്ങൾ അറിയിക്കും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് ഉടൻ മുൻ എംഎൽഎയും ജില്ലയിലെയും മുതിർന്ന നേതാവുമായ കെ സി രാജഗോപാലൻ നേതാക്കൾക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ചതും യോഗം ചർച്ച ചെയ്തു. കെ സി രാജഗോപാലനിൽ നിന്ന് വിശദീകരണം തേടാൻ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. തന്നെ കാലു വാരാൻ ശ്രമിച്ചെന്നും സിപിഎം മൂട് താങ്ങികളുടെ പാർട്ടിയായി മാറിയെന്നും ആയിരുന്നു കെസി രാജഗോപാലന്റെ ആരോപണം. കെ സി രാജഗോപാലൻ പഞ്ചായത്തിൽ മത്സരിച്ചതിലും യോഗത്തിൽ വിമർശനം ഉയർന്നു. അതേസമയം കെസിആർ നൽകിയ പരാതി സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്തില്ല. വിവാദ പാരഡി ഗാനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനും തീരുമാനമായി. പന്തളം ഏരിയ കമ്മിറ്റി അംഗവും രാജകുടുംബാംഗവുമായ പ്രദീപ് വർമ പരാതി നൽകും.






































