പത്തനംതിട്ട. പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായി തുറന്നടിച്ച് മുൻ എംഎൽഎയും മുതിർന്ന നേതാവുമായ കെ സി രാജഗോപാലൻ. പത്തനംതിട്ട മെഴുവേലി പഞ്ചായത്തിലെ എട്ടാം വാർഡിൽ മത്സരിച്ച തനിക്ക് ഭൂരിപക്ഷം കുറയാൻ കാരണം ഏരിയ സെക്രട്ടറിയുടെ കഴിവുകേടാണെന്ന് കെ സി ആർ പറഞ്ഞു. രാജഗോപാലന്റെ പരാമർശം വസ്തുത വിരുദ്ധം ആണെന്ന് ഏരിയ സെക്രട്ടറി ടിവി സ്റ്റാലിൻ പ്രതികരിച്ചു. അതിനിടെ ഏറത്ത് ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തോൽവി കാരണം എസ്എൻഡിപി വോട്ട് ചെയ്യാത്തതാണെന്ന് ആരോപിച്ച് സ്ഥാനാർത്ഥി ശോഭനയും മകൻ അഭിജിത്തും രംഗത്തുവന്നു.
കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളിൽ ഒന്നും നേരിടാത്ത വലിയ തിരിച്ചടിയായിരുന്നു ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിൽ ഇടതുമുന്നണിക്കേറ്റത്. ഇതിന് പിന്നാലെ ജില്ലയിലെ മുതിർന്ന നേതാവും മുൻ എംഎൽഎയും ആയിരുന്ന കെ സി രാജഗോപാലൻ ഏരിയാ സെക്രട്ടറിക്ക് എതിരെ ഗുരുതര ആരോപണം ഉന്നയിച്ചു. തൻറെ ഭൂരിപക്ഷം കുറയാൻ ഏരിയാ സെക്രട്ടറി പ്രവർത്തിച്ചെന്ന് കെസിആർ തുറന്നടിച്ചു.
ഏരിയ സെക്രട്ടറി കഴിവുകെട്ടയാളാണെന്നും പാർട്ടി നേതൃത്വത്തിന് പരാതി കൊടുക്കുമെന്നും കെ സി രാജഗോപാലൻ പറഞ്ഞു. നേതൃത്വത്തെ സുഖിപ്പിക്കുന്നവരെ സംരക്ഷിക്കുന്ന നിലപാട് സിപിഎം തിരുത്തണമെന്നും ഇല്ലെങ്കിൽ ഇനിയും വലിയ തിരിച്ചടി ഉണ്ടാകുമെന്നും കെസിആറിന്റെ മുന്നറിയിപ്പ്.
കെസിആറിന്റെ പരാമർശം തള്ളി ഏരിയാ സെക്രട്ടറി ടി വി സ്റ്റാലിൻ രംഗത്ത് വന്നു. തനിക്ക് പറയാനുള്ളത് പാർട്ടി ഘടകത്തിൽ പറയും.
ഏറത്ത് ഡിവിഷൻ പതിനാറാം വാർഡിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർത്ഥി എസ്എൻഡിപിക്കെതിരെ രംഗത്തുവന്നു. എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകാൻ കാരണം എസ്എൻഡിപിക്കാർ വോട്ട് ചെയ്യാത്തതാണെന്ന് സ്ഥാനാർത്ഥിയായിരുന്ന ശോഭന ബാലനും മകൻ അഭിജിത്തും വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ചു.
തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ ഉണ്ടായിട്ടുള്ള അസ്വാരസ്യങ്ങൾ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് നേതൃത്വം.
Home News Breaking News സി പി എം നേതൃത്വത്തിനെതിരെ തുറന്നടിച്ച് മുൻ എംഎൽഎയും മുതിർന്ന നേതാവുമായ കെ സി രാജഗോപാലൻ





































