ലൈംഗിക വൈകൃത കുറ്റവാളികളെ ‘വെൽ ഡ്രാഫ്റ്റഡ്’ എന്ന് പറഞ്ഞ് ന്യായീകരിച്ചാൽ പൊതുസമൂഹം അംഗീകരിക്കില്ല; മുഖ്യമന്ത്രി

Advertisement

കണ്ണൂര്‍: ലൈംഗിക വൈകൃത കുറ്റവാളികളെ ‘വെൽ ഡ്രാഫ്റ്റഡ്’ എന്ന് പറഞ്ഞ് ന്യായീകരിക്കാൻ വന്നാൽ പൊതുസമൂഹം അംഗീകരിക്കില്ലെന്നും ഇപ്പോള്‍ വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങള്‍ ഇനിയും പുറത്തുവന്നേക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസുമായി ബന്ധപ്പെട്ട കെപിസിസി സണ്ണി ജോസഫിന്‍റെ പ്രതികരണത്തിലാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.

ഇരയായ ആളുകള്‍ പങ്കുവെച്ച ആശങ്കകള്‍ പരിശോധിച്ചാൽ അവരെ കൊന്നു തള്ളുമെന്ന ഭീഷണിയാണ് ഉയര്‍ത്തിയിട്ടുള്ളത്. അതിനാൽ തന്നെ യഥാര്‍ത്ഥ വസ്തുതകള്‍ തുറന്നുപറഞ്ഞാൽ ജീവൻ അപകടത്തിലാകുമെന്ന് അവര്‍ ഭയക്കുന്നു. ഇപ്പോള്‍ വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങള്‍ ഇനിയും വന്നേക്കാം. കോണ്‍ഗ്രസിലെ സ്ത്രീലമ്പടന്മാര്‍ എന്താണ് കാട്ടിക്കൂട്ടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചു. നടിയെ ആക്രമിച്ച കേസിൽ യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത് യുഡിഎഫിന്‍റെ നിലപാടായിട്ടേ കാണാനാകു. അതിജീവിതയ്ക്കൊപ്പമാണ് നാടും സര്‍ക്കാരുമുള്ളത്. അത് തുടരുകയാണ് ചെയ്യുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗ പരാതിയിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്നലെ സംശയം ഉന്നയിച്ചിരുന്നു. വെൽ ഡ്രാഫ്റ്റഡ് പരാതിയായിരുന്നുവെന്നും അതിന് പിന്നിൽ ലീഗൽ ബ്രെയിനുണ്ടെന്നും അതിന്‍റെ ഉദ്ദേശ്യം അറിയാമെന്നുമായിരുന്നു സണ്ണി ജോസഫിന്‍റെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് ചോദ്യങ്ങളോട് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കണ്ണൂര്‍ പിണറായി പഞ്ചായത്തിലെ കാട്ടിലെപീടിക ചേരിക്കൽ ജൂനിയര്‍ ബേസിക് സ്കൂളില്‍ കുടുംബസമേതം എത്തിയാണ് മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്. ഇതിനുശേഷം എൽഡിഎഫ് ചരിത്ര വിജയം നേടുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ എൽഡിഎഫ് നല്ല ആത്മവിശ്വാസത്തോടെയാണ് നേരിട്ടത്. രണ്ടു ഘട്ടങ്ങളിലെയും തെരഞ്ഞെടുപ്പ് ഇന്നത്തോടെ പൂര്‍ത്തിയാവുകയാണ്. എൽഡിഎഫിന് വലിയതോതിലുള്ള പിന്തുണ ജനങ്ങളിൽ നിന്നും ലഭിക്കുന്നുവെന്നതാണ് പ്രചാരണത്തിലൂടെ വ്യക്തമായത്. അത് എൽഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കുമെന്ന പ്രതീക്ഷയാണുള്ളത്. യുഡിഎഫിന്‍റെ മേഖലയിലടക്കം എൽഡിഎഫ് അനുകൂല തരംഗമുണ്ടാകും. മികവാര്‍ന്ന വിജയത്തിലേക്ക് എൽഡിഎഫ് കുതിക്കുന്ന കാഴ്ചയായിരിക്കും ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകുക.

ശബരിമലയുടെ കാര്യത്തിൽ നടക്കാൻ പാടില്ലാത്തത് നടന്നുവെന്നത് വസ്തുതയാണ്. അതിൽ കര്‍ശന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഈ സര്‍ക്കാര്‍ അല്ലായിരുന്നെങ്കിൽ ഇത്തരമൊരു നടപടിയുണ്ടാകില്ലെന്ന് വിശ്വാസികള്‍ക്കടക്കം വ്യക്തമായി. വിശ്വാസികള്‍ക്ക് അടക്കം ഇക്കാര്യത്തിൽ സര്‍ക്കാരിന് പിന്തുണ നൽകുന്നുണ്ട്. എന്നാൽ, യുഡ‍ിഎഫും ബിജെപിയും സര്‍ക്കാരിനെതിരായ ആയുധമാക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയെ മുസ്ലിം പൊതുജനങ്ങള്‍ തള്ളിയ സംഘടനയാണ്. മുസ്ലിം പൊതുജനങ്ങളെ യുഡിഎഫിന് അനുകൂലമാക്കുന്നതിനാണ് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിയതെങ്കിൽ അതൊന്നും ഈ തെരഞ്ഞെടുപ്പിൽ യഥാര്‍ഥ്യമാകില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here