പത്രം | മലയാള ദിനപത്രങ്ങളിലൂടെ 🗓️ 2025 | ഡിസംബർ 5 | വെള്ളി |1201 വൃശ്ചികം 20| ചോതി

Advertisement

🚨 പ്രധാന വാർത്തകൾ

ശബരിമല സ്വര്‍ണക്കൊള്ള കേസ്: വൻതോക്കുകളിലേക്ക് അന്വേഷണം നീളണമെന്ന് കോടതി

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിലവില്‍ പ്രതികളായവര്‍ക്ക് മുകളിലുള്ള വന്‍തോക്കുകളെ വിട്ടുകളയരുതെന്നും അവരിലേക്ക് അന്വേഷണം നീളണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നൽകി. ലക്ഷക്കണക്കിന് വിശ്വാസികളുള്ള ശബരിമല പോലുള്ള ക്ഷേത്രത്തിൽ ഇത്രയും വലിയ സ്വര്‍ണക്കൊള്ള നടത്താൻ വലിയ വന്‍തോക്കുകളുടെ പിന്തുണയില്ലാതെ സാധ്യമല്ല എന്നും കോടതി നിരീക്ഷിച്ചു. ഇതുവരെ പ്രതി ചേര്‍ത്തവര്‍ക്കുമപ്പുറം ആളുകളുണ്ടെന്ന കോടതിയുടെ വ്യക്തമായ നിർദ്ദേശത്തെ തുടർന്ന് അന്വേഷണം വിപുലീകരിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സ്ഥിരമായി ബന്ധമുള്ളവരിലേക്കും നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നവരിലേക്കും അന്വേഷണം നീളണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ കേസ്: പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനെന്ന് കോടതി

ബലാത്സംഗ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തൽ. പെണ്‍കുട്ടിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളില്‍ നിന്ന് വ്യക്തമാണെന്ന് ഡിജിറ്റല്‍ തെളിവുകളടക്കം പരിശോധിച്ച തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി, ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ എന്ന പദവി ഉപയോഗിച്ച് കേസിൽ സ്വാധീനം ചെലുത്തുകയും സാക്ഷികളെയും പരാതിക്കാരെയും ഭീഷണിപ്പെടുത്തുകയും തെളിവ് നശിപ്പിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. ഇത് മുൻകൂർ ജാമ്യം നിഷേധിച്ചതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ജാമ്യം നിഷേധിച്ച ശേഷവും ഒളിവില്‍ തുടരുന്ന എംഎൽഎക്ക് വേണ്ടി പൊലീസ് സംഘം തിരച്ചിൽ നടത്തുകയാണ്. എംഎൽഎയുടെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹൈക്കോടതിയെ സമീപിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ നീക്കം തുടങ്ങി. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാലുടൻ ഓൺലൈനായി മുൻകൂർ ജാമ്യാപേക്ഷ നൽകാനാണ് ആലോചന.

രാഹുൽ മാങ്കൂട്ടത്തിൽ: രാഷ്ട്രീയ പ്രതികരണങ്ങൾ

  • പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ: രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയത് രാജ്യത്ത് ഒരു പാര്‍ട്ടിയും എടുക്കാത്തതരം തീരുമാനമാണ്. പരാതി മണിക്കൂറുകള്‍ക്കകം പൊലീസിനു കൈമാറിയെന്നും ബുധനാഴ്ച തന്നെ പുറത്താക്കാൻ തീരുമാനിച്ചിരുന്നുവെന്നും സതീശൻ പറഞ്ഞു. സമാനമായ കേസുകളിൽ ആരോപണ വിധേയരായവർക്കെതിരെ നടപടിയെടുക്കാൻ സിപിഎമ്മിനെ വെല്ലുവിളിച്ചു.
  • കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ: പാർട്ടി നടപടിയെ അഭിനന്ദിച്ചു. പാർട്ടിയുടെ മുഖം വികൃതമാക്കിയ പ്രവൃത്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയത്.
  • ഷാഫി പറമ്പിൽ എം.പി.: രാഹുലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രമാണ്. വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളിൽ തനിക്ക് ഉത്തരവാദിത്തമില്ല.
  • വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി: ‘പറമ്പില്ലാതെ മാങ്കൂട്ടം വളരില്ലെന്ന’ പരിഹാസവുമായി രംഗത്തെത്തി. രാഹുൽ എംഎൽഎ സ്ഥാനം കൂടി രാജിവെക്കണമെന്നും കോൺഗ്രസ് രാജി ചോദിച്ച് വാങ്ങിക്കണമെന്നും ആവശ്യപ്പെട്ടു.
  • എം.വി. ഗോവിന്ദൻ: രാഹുലിന്റെ രാജി കേരളം മുഴുവൻ ആവശ്യപ്പെടുന്നു. കേട്ടുകേൾവിയില്ലാത്ത പരാതികളാണ് വരുന്നത്.
  • കോൺഗ്രസ് നേതാവ് കെ. മുരളീധരൻ: കോടതി വിധിയെയും പുറത്താക്കിയ കെപിസിസിയുടെ നടപടിയേയും സ്വാഗതം ചെയ്തു. ധാർമികതയുണ്ടെങ്കിൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണം.
  • എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ: പാർട്ടിയുടെ അന്തസ് ഉയർത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യമെന്നും അത്തരം കാര്യങ്ങൾ ആലോചിച്ചാണ് കെപിസിസി തീരുമാനമെടുത്തതെന്നും പ്രതികരിച്ചു. എംഎൽഎ സ്ഥാനത്ത് തുടരുന്ന കാര്യം രാഹുൽ ആണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞു.

കെടിയു – ഡിജിറ്റൽ സർവകലാശാല വിസി നിയമനം: ഗവർണർ സുപ്രീംകോടതിയിൽ

കെടിയു, ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തില്‍ പുതിയ നീക്കവുമായി ചാന്‍സലറായ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. സാങ്കേതിക സര്‍വകലാശാല വിസിയായി സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോ പ്രിയ ചന്ദ്രനെയും നിയമിക്കണമെന്ന് കാട്ടി ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ് അവധി

തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന് കീഴിലുള്ള എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ-സര്‍ക്കാര്‍, വാണിജ്യ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 9, 11 തീയതികളിലാണ് ജില്ലകള്‍ തിരിച്ച് അവധി.

✈️ ഇൻഡിഗോ പ്രതിസന്ധി

പതിനായിരകണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ രാജ്യവ്യാപകമായി അവതാളത്തിൽ. ഇതുവരെ 321 സര്‍വീസുകള്‍ റദ്ദാക്കി. സംഭവത്തിൽ ഡിജിസിഎ അന്വേഷണം തുടങ്ങി. പ്രതിസന്ധി ഉടൻ തീർക്കുന്നതിൽ നിസ്സഹായത പ്രകടിപ്പിച്ച ഇൻഡിഗോ, സർവ്വീസുകൾ പൂർണ്ണമായും സാധാരണ നിലയിലാകാൻ ഫെബ്രുവരി 10 വരെ സമയമെടുത്തേക്കാം എന്ന് അറിയിച്ചു. അതുവരെ വിമാന സര്‍വ്വീസുകള്‍ വെട്ടിക്കുറയ്ക്കും.

🌍 അന്താരാഷ്ട്രം & ദേശീയ വാർത്തകൾ

ഇന്ത്യ – റഷ്യ ഉച്ചകോടി: പുടിൻ ഇന്ത്യയിൽ

ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു. മോദിയെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാത്ത നേതാവെന്ന് വിശേഷിപ്പിച്ച പുടിൻ, മോദിയെ പോലൊരു നേതാവുള്ളത് ഇന്ത്യയുടെ ഭാഗ്യമാണെന്നും പറഞ്ഞു. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് പുടിന്‍ ആവര്‍ത്തിച്ചു. വിദേശികളായ പ്രമുഖര്‍ ലോക്‌സഭയിലെ പ്രതിപക്ഷനേതാവിനെ കാണുന്നത് പാരമ്പര്യമാണെന്നും മോദിയും വിദേശകാര്യമന്ത്രാലയവും ഈ മാനദണ്ഡം പാലിക്കുന്നില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പ്രതികരിച്ചു. പുടിൻ ഇന്ത്യയിൽ സഞ്ചരിക്കുന്നത് റഷ്യയില്‍ നിന്ന് വിമാനത്തില്‍ എത്തിക്കുന്ന ഓറസ് സെനറ്റ് എന്ന കവചിത ലിമോസിന്‍ കാറിലാണ്.

യുഎസ്: നാടുകടത്തിയ ഇന്ത്യക്കാർ

അമേരിക്കയില്‍ നിന്ന് ഈ വര്‍ഷം നാടുകടത്തിയ ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം കഴിഞ്ഞ 16 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഈ വര്‍ഷം ഇതുവരെ 3,258 ഇന്ത്യക്കാരെ യുഎസ് നാടുകടത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ രാജ്യസഭയെ അറിയിച്ചു.

മാവോയിസ്റ്റ് ഏറ്റുമുട്ടൽ

ഛത്തീസ്ഗഡിലെ ബീജാപ്പൂരില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ 6 മാവോയിസ്റ്റുകളെ കൂടി വധിച്ചു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വധിച്ച മാവോയിസ്റ്റുകളുടെ എണ്ണം 18 ആയി.

പാകിസ്താൻ വാർത്തകൾ

  • പാക്കിസ്ഥാന്റെ സംയുക്ത പ്രതിരോധ സേന മേധാവിയായി കരസേന മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ അഞ്ച് വർഷത്തേക്ക് നിയമിച്ചു.
  • കടബാധ്യതയെ തുടര്‍ന്ന് പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (PIA) ലേലം ചെയ്യാൻ ഒരുങ്ങുന്നു. ഡിസംബര്‍ 23ന് ലേലനടപടികൾ നടക്കുമെന്ന് റിപ്പോർട്ട്.

മറ്റ് വാർത്തകൾ

  • ജി. സുധാകരൻ സന്ദർശനം: വീട്ടിലെ ശുചിമുറിയില്‍ വീണ് കാലിന് പരിക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന മുന്‍മന്ത്രി ജി. സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.
  • അദാനി ഇൻഫ്ര: ഡാറ്റാ സെന്റർ സ്ഥാപിക്കാൻ അദാനി ഇൻഫ്രക്ക് 480 ഏക്കര്‍ ഭൂമി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ അനുവദിച്ചു. 87,500 കോടി രൂപയാണ് വിവിധ ഘട്ടങ്ങളിലായി നിക്ഷേപിക്കുന്നത്.

🎬 സിനിമ വാർത്തകൾ

ദൃഢം: ഷെയിൻ നിഗം

ഷെയിന്‍ നിഗം പൊലീസ് യൂണിഫോമില്‍ വീണ്ടും എത്തുന്ന ‘ദൃഢം’ സിനിമയുടെ ടൈറ്റില്‍ വീഡിയോ പുറത്ത്. എസ്.ഐ വിജയ് രാധാകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷെയിന്‍ അവതരിപ്പിക്കുന്നത്.

ഒടിടി റിലീസുകൾ

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ഹൊറര്‍ ചിത്രം ‘ഡീയസ് ഈറെ’യും രശ്മിക മന്ദാന പ്രധാന വേഷത്തിലെത്തിയ ചിത്രം ‘ദ് ഗേള്‍ഫ്രണ്ട്’ ഉം ഡിസംബര്‍ അഞ്ച് മുതല്‍ ഒടിടിയില്‍ സ്ട്രീമിംഗ് തുടങ്ങി.

Advertisement

1 COMMENT

  1. ഇന്നലെ “കാർത്തിക” ആണെങ്കിൽ ഇന്ന് “രോഹിണി” അല്ലേ.. എങ്ങനെ “ചോതി” ആയി?

Leave a Reply to VENUKUMAR Cancel reply

Please enter your comment!
Please enter your name here