മുഖ്യമന്ത്രിക്ക് വാഹനം വാങ്ങാന്‍ 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി. ട്രഷറി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. ധനമന്ത്രിയാണ് ഇന്ന് തുക അനുവദിച്ച് ഉത്തരവിറക്കിയത്. നിലവില്‍ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങള്‍ക്ക് പകരമായാണ് പുതിയ വാഹനം വാങ്ങുന്നത്.
സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാര്‍ വാങ്ങാന്‍ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ നാല് മാസമായി ട്രഷറി നിയന്ത്രണം തുടരുന്നുണ്ട്. 10 ലക്ഷം രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ പാസാക്കാന്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം. അതിനിടെയാണ് ട്രഷറി നിയന്ത്രണത്തില്‍ ഇളവ് നല്‍കി മുഖ്യമന്ത്രിയ്ക്ക് പുത്തന്‍ വാഹനം വാങ്ങാന്‍ തുക ലഭ്യമാക്കാന്‍ ധനവകുപ്പ് തീരുമാനിച്ചത്.
































