മഴയും മഞ്ഞും വെല്ലുവിളിയായതോടെ മുല്ലപ്പൂവിന് വില അയ്യായിരം കടന്നു. തെക്കന്‍ ജില്ലകളില്‍ ഇന്നലെ കിലോയ്ക്ക് 5600 രൂപയ്ക്കാണ് മുല്ലപ്പൂവ് എത്തിയത്. കല്യാണ മൂഹൂര്‍ത്തം ഉള്ളതിനാല്‍ ആവശ്യക്കാര്‍ ഇരട്ടിയാണ്. പൂവിന് ദൗര്‍ലഭ്യവുമുണ്ട്. ഓഡറിന്റെ നാലിലൊന്ന് പൂവ് മാത്രമാണ് ഇന്നലെ എത്തിയത്. രണ്ടാഴ്ച മുമ്പുവരെ ഒരു കിലോ മുല്ലപ്പൂവിന് കേരളത്തിലെ വില 600 ആയിരുന്നു. ഇന്നലെ വില പത്തിരട്ടിയായി. വിരിയാന്‍ ഒരാഴ്ച കൂടിയുള്ള കരിമൊട്ടാണ് ഇന്നലെ വില്‍പനയ്ക്കെത്തിയത്. അടുത്ത ആഴ്ചയിലെ അവധി, ആഘോഷ, മുഹൂര്‍ത്ത ദിവസങ്ങളാകുമ്പോള്‍ വില 6000 7000 ആകും. മകരത്തില്‍ വിവാഹ മുഹൂര്‍ത്തം ആകുന്നതോടെ വില പിന്നെയും കൂടും. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ വില 6,000 ആയിരുന്നു. തണുപ്പുകാലത്തു മുല്ലപ്പൂ ഉല്‍പാദനം കുറയും. പൂവും ചെറുതാകും.
ഡിണ്ടിഗല്‍, മധുര, മൈസൂരു, നെലക്കോട്ട, ശങ്കരന്‍കോവില്‍, തെങ്കാശി കമ്പം, തേനി, കോയമ്പത്തൂര്‍, മധുര, സത്യമംഗലം ഭാഗങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് മുല്ലപ്പൂ എത്തുന്നത്. മൊട്ട് വിളവെടുക്കുന്ന പൂക്കളെയാണ് കാലാവസ്ഥ ബാധിക്കുന്നത്. ഇതോടെ അരളി, മൈസൂര്‍മുല്ല, പിച്ചി, കനകാമ്പരം എന്നിവയ്ക്ക് വന്‍ ഡിമാന്റായി. അരളി് 400 രൂപയ്ക്കാണ് കേരളത്തിലെ മൊത്തവ്യാപാരികള്‍ക്ക് ലഭിച്ചത്. തമിഴ്നാട്ടിലെ കനത്തമഴയില്‍ ചെണ്ടുമല്ലിപ്പാടങ്ങളും വെള്ളത്തില്‍ മുങ്ങി. ഇതോടെ ചെണ്ടുമല്ലി 110 രൂപയായി. മലയാളി മുറ്റങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന തുളസിയും തമിഴ്നാട്ടില്‍ നിന്നാണ് ഇപ്പോഴെത്തുന്നത്. തുളസി കിലോയ്ക്ക് നാല്‍പതില്‍ നിന്ന് എണ്‍പതായി. വാടാമല്ലി, ലില്ലിപ്പൂ, റോസ്, താമര എന്നിവയുടെയും വില ഉയര്‍ന്നു.
താമരയുടെ വിലയാണ് കല്യാണ പാര്‍ട്ടികള്‍ക്ക് ഏറെ പ്രഹരമാകുന്നത്. മുന്‍കൂര്‍ വിലപറഞ്ഞ് ഓഡര്‍ എടുത്ത വ്യാപാരികള്‍ക്ക് വിലയുടെ ഇരട്ടിയോളം നഷ്ടമായി. കഴിഞ്ഞ ആഴ്ച 3500 രൂപയ്ക്കാണ് കല്യാണത്താമര മാലകള്‍ വിറ്റത്. എന്നാല്‍ ഇന്നലെ കല്യാണത്താമരയ്ക്ക് 60 രൂപയായി. ഒരു കല്യാണമാലയ്ക്ക് 130 മുതല്‍ 150 പൂവു വേണം. ഫലത്തില്‍ 3000 രൂപ നഷ്ടത്തിലാണ് ഇന്നലെ വ്യാപാരം നടന്നത്. പൂജയ്ക്കുള്ള സാധാരണ താമരയ്ക്കും വില 50 വരെ എത്തി.
































