മലപ്പുറം: പി വി അന്‍വറിന്റെ വീട്ടിലെ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന പൂര്‍ത്തിയായി. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പരിശോധന രാത്രി 9.30 നാണ് അവസാനിച്ചത്. അന്വഷണത്തിന്റെ ഭാഗമായാണ് പരിശോധന നടന്നതെന്ന് പി വി അന്‍വര്‍ പ്രതികരിച്ചു. പരാതി കിട്ടിയാല്‍ ഇ ഡി അന്വേഷിക്കും. അറിയേണ്ട കാര്യങ്ങള്‍ ഇ ഡി ചോദിച്ചു. നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഹാജരാകേണ്ട കാര്യം പറഞ്ഞിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു.
കൊച്ചിയില്‍ നിന്നുള്ള ഇ ഡി സംഘമാണ് അന്‍വറിന്റെ ഒതായിയിലെ വീട്ടില്‍ പരിശോധന നടത്തിയത്. വന്‍ പൊലീസ് സുരക്ഷയിലായിരുന്നു പരിശോധന നടന്നത്. അന്‍വറിന്റെ സഹായിയായ സിയാദിന്റെ എടവണ്ണയിലെ വീട്ടിലും പരിശോധന നടന്നു. പരിശോധനയ്ക്കിടെ വീട്ടിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവത്തകര്‍ അന്‍വറിനെ കാണാന്‍ ശ്രമിച്ചത് ഉദ്യോഗസ്ഥര്‍ തടഞ്ഞു. പിന്നാലെ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.
കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നും അന്‍വര്‍ 12 കോടി രൂപ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ നേരത്തെ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഈ രേഖകള്‍ ഇ ഡി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് പുറത്തുവന്ന വിവരം.
2015 ലായിരുന്നു അന്‍വര്‍ കെഎഫ്സിയില്‍ നിന്നും 12 കോടി വായ്പ എടുത്തത്. ഇത് തിരിച്ചടച്ചില്ലെന്നാണ് പരാതി. പലിശയടക്കം 22 കോടി രൂപ തിരികെ അടക്കാനുണ്ടെന്നാണ് വിവരം. ഇത് കെഎഫ്സിക്ക് വന്‍ നഷ്ടം വരുത്തിയെന്നായിരുന്നു പരാതി.
































