നാമനിര്‍ദേശ പത്രിക സ്വീകരിച്ചില്ല; ഒടുവിൽ പൊട്ടിക്കരഞ്ഞ് സ്ഥാനാര്‍ഥി

Advertisement

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തില്ലെന്ന് ചൂണ്ടിക്കാട്ടി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചില്ല. തൃശൂര്‍ പുത്തന്‍ചിറ പതിനൊന്നാം വാര്‍ഡിലെ ട്വന്റി-20 സ്ഥാനാര്‍ത്ഥിയായ വിജയലക്ഷ്മിയുടെ നാമനിര്‍ദേശ പത്രികയാണ് കലക്ടര്‍ സ്വീകരിക്കാതിരുന്നത്. പതിനാലാം വാര്‍ഡില്‍ വിജയലക്ഷ്മിക്ക് വോട്ട് ഉണ്ടായിരുന്നില്ല.

വിജയലക്ഷ്മി ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. എന്നാല്‍ കൃത്യസമയത്ത് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാത്തത് തിരിച്ചടിയാകുകയായിരുന്നു. നാമനിര്‍ദേശപത്രിക വരണാധികാരി സ്വീകരിക്കാതെ വന്നതോടെ വിജയലക്ഷ്മി പൊട്ടിക്കരഞ്ഞു. പഞ്ചായത്ത് സെക്രട്ടറി അടക്കം എല്‍ഡിഎഫിന് വേണ്ടി ഒത്തുകളിച്ചെന്ന് വിജയലക്ഷ്മി ആരോപിച്ചു.
വിജയലക്ഷ്മിയും കുടുംബവും പതിനൊന്നാം വാര്‍ഡില്‍ സ്ഥിരതാമസക്കാരല്ലെന്നും വോട്ട് ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രതിനിധികളാണ് പരാതിയുമായി കലക്ടറെ സമീപിച്ചത്. പിന്നാലെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് വിജയലക്ഷ്മി ഹൈക്കോടതിയെ സമീപിച്ചു. വിഷയം കലക്ടര്‍ പുനഃപരിശോധിക്കണം എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. പിന്നാലെ കലക്ടര്‍ വിജയലക്ഷ്മിയെ ഹിയറിങ്ങിന് വിളിക്കുകയും പതിനാലാം വാര്‍ഡില്‍ വോട്ടനുവധിക്കുകയും ചെയ്തു.
എന്നാല്‍ തിരുവനന്തപുരത്ത് നിന്ന് ഓണ്‍ലൈനായി വോട്ടര്‍പട്ടികയില്‍ അപ്ഡേറ്റായി വന്നലേ കാര്യമുള്ളൂ എന്ന് പറഞ്ഞ് പഞ്ചായത്ത് സെക്രട്ടറി മടക്കി അയച്ചുവെന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ കലക്ടര്‍ ഉത്തരവ് കൈമാറുകയായിരുന്നു. അഞ്ചാം തീയതിയായിരുന്നു വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തീയതിയെന്നും കാലാവധി അവസാനിച്ചതുകൊണ്ട് പേര് ചേര്‍ക്കാന്‍ കഴിയില്ലെന്നും കലക്ടര്‍ ചൂണ്ടിക്കാട്ടി. ഈ സമയത്താണ് വിജയലക്ഷ്മി പൊട്ടിക്കരഞ്ഞത്.

Advertisement