കോഴിക്കോട്: പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന തസ്തികളില്‍ നിശ്ചിതയോഗ്യതയോ ഇല്ലാത്ത തത്തുല്യ/ഉയര്‍ന്ന യോഗ്യതയോ അവകാശപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പിഎസ്സി അറിയിച്ചു.
വിജ്ഞാപന പ്രകാരമുള്ള യോഗ്യതകള്‍ക്ക് പുറമെ സമാനയോഗ്യതയുള്ളവര്‍ക്ക് തത്തുല്യ/ഉയര്‍ന്ന യോഗ്യത അവകാശപ്പെട്ട് അപേക്ഷ നല്‍കാന്‍ അവസരം നല്‍കുന്നുണ്ട്. ഇത് ദുരുപയോഗം ചെയ്ത് അപേക്ഷ നല്‍കാന്‍ യോഗ്യതയില്ലാത്തവരും സമാനയോഗ്യതയില്ലാത്തവരും അപേക്ഷ നല്‍കുന്നതും കണ്‍ഫര്‍മേഷന്‍ നല്‍കുന്നതും പിഎസ്സിയുടെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഈ നിര്‍ദേശം. വിവിധ തസ്തികള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന തത്തുല്യ/ ഉയര്‍ന്ന യോഗ്യത സംബന്ധിച്ച വ്യവസ്ഥകളും വിജ്ഞാപനത്തോടൊപ്പം പിഎസ്സി വ്യക്തമാക്കാറുണ്ട്.
- വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിച്ച യോഗ്യതകള്‍ക്ക് പുറമെ എക്സിക്യൂട്ടീവ്/സ്റ്റാന്‍ഡിങ് ഉത്തരവുകള്‍ മുഖേനയുള്ള യോഗ്യതകള്‍ സ്വീകരിക്കും.
- നിശ്ചിത യോഗ്യതയ്ക്കു തത്തുല്യമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന യോഗ്യതകളും നിര്‍ദിഷ്ട യോഗ്യതകള്‍ അടിസ്ഥാന യോഗ്യതക്കായുള്ള ഉയര്‍ന്ന യോഗ്യതയും സ്വീകരിക്കും.
- തത്തുല്യ/ ഉയര്‍ന്ന യോഗ്യത സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ പിഎസ് സി ആവശ്യപ്പെടുന്ന സമയത്ത് ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാക്കണം.
17-07-1965 ലെ GO(MS) No.526/PD യിലെ വ്യവസ്ഥകള്‍ പ്രകാരം പാര്‍ലമെന്റ് / സംസ്ഥാന നിയമസഭകള്‍ പാസാക്കിയ നിയമപ്രകാരം സ്ഥാപിതമായ യുജിസി അംഗീകൃത സര്‍വകലാശാലകള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ നല്‍കുന്ന ഡിഗ്രികള്‍/ഡിപ്ലോമകള്‍ എന്നിവ സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള നിയമനങ്ങള്‍ക്കു സ്വീകരിക്കും. ഈ സ്ഥാപനങ്ങള്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പിഎസ് സി തുല്യത സര്‍ട്ടിഫിക്കറ്റ്/ സര്‍ക്കാര്‍ ഉത്തരവ് ആവശ്യപ്പെടാറില്ല.





























