മൂന്ന് പൊലീസുകാരെ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന മാവോയിസ്റ്റിനേ മൂന്നാറിൽ നിന്ന് പിടികൂടി

Advertisement

ഇടുക്കി. ഝാർഖണ്ഡിൽ മൂന്ന് പൊലീസുകാരെ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന മാവോയിസ്റ്റിനേ മൂന്നാറിൽ നിന്ന് പിടികൂടി. പോലീസിന്റെ സഹായത്തോടെ എൻഐഎ സംഘമാണ് ഝാർഖണ്ഡ് സ്വദേശി സവാൻ ടൂട്ടിയെ പിടികൂടിയത്. ഗുഡാർവിളയിൽ തോട്ടം തൊഴിലാളിയായി കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു പ്രതി.


2021ൽ ഝാർഖണ്ഡ് ലാഞ്ചി വനമേഖലയിൽ വെച്ച് മൂന്ന് പോലീസുകാരെ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സവാൻ ടൂട്ടി. 19 പേരടങ്ങുന്ന മാവോയിസ്റ്റ് സംഘത്തിന് ആയുധങ്ങളും, ഐ ഇ ഡി ബോംബുകളും, ധനസഹായവും നൽകിയിരുന്നത് ഇയാളായിരുന്നു. ആദ്യം ഝാർഖണ്ഡ് പോലീസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎ ഏറ്റെടുടുത്തു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ സവാൻ ഒന്നര വർഷം മുമ്പാണ് മൂന്നാറിൽ എത്തുന്നത്. ഗൂഡാർവിള എസ്റ്റേറ്റിൽ ഭാര്യക്കൊപ്പം തോട്ടം തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. ആഴ്ചകൾക്ക് മുമ്പ് ഇയാൾ മൂന്നാറിൽ ഉണ്ടെന്ന വിവരം എൻ ഐ എക്ക് ലഭിച്ചു. തുടർന്ന് നിരീക്ഷണം നടത്തിവരികയായിരുന്നു. തിങ്കളാഴ്ച രാത്രിയിൽ മൂന്നാറിലെത്തിയ എൻഐഎ സംഘം പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടി. ഒളിവിൽ ആയിരുന്ന സവാൻ ടൂട്ടി ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾക്ക് വേണ്ടി എൻ ഐ എ ഇനാം പ്രഖ്യാപിച്ചിരുന്നു. നിലവിൽ എൻ ഐ എ കസ്റ്റഡിയിലുള്ള സവാനേ ദേവികുളം കോടതിയിൽ ഹാജരാക്കി ട്രാൻസിസ്റ്റ് വാറണ്ട് വാങ്ങിയശേഷം ഝാർഖണ്ഡിലേക്ക് കൊണ്ടുപോകും.

Advertisement