സീറ്റിലേക്ക് വലിഞ്ഞ് കയറി അജ്ഞാതൻ, സീസണാണ് സഹകരിക്കാൻ ആവശ്യപ്പെട്ട് ടിടിഇ, ട്രെയിൻ യാത്രയിലെ ദുരനുഭവം വിവരിച്ച് മലയാളി യുവതി

Advertisement

പാലക്കാട്: സ്ലീപ്പർ കംപാർട്ട്മെന്റിൽ ഉത്തരേന്ത്യൻ യാത്രയ്ക്കിടെ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് വ്ലോഗറും മലയാളിയുമായ നേഹ മാധവൻ. പുലർച്ചെ റിസർവ് ചെയ്ത ബർത്തിലേക്ക് അജ്ഞാതനായ ആരോ കയറി വന്ന് ഇരിക്കുന്നത് കണ്ട് റെയിൽവേ പൊലീസിലും എമർജൻസി നമ്പറിൽ പരാതിപ്പെട്ട ശേഷവും സഹായത്തിന് അധികൃതരെത്താൻ വൈകിയതടക്കമുള്ള കാര്യങ്ങൾ വീഡിയോ സഹിതമാണ് നേഹാ മാധവൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

പലപ്പോഴും കേരളം വിട്ട ശേഷം സ്ലീപ്പർ കംപാർട്ട്മെന്റിൽ ജനറൽ സീറ്റുകാർ കയ്യടക്കുന്ന അനുഭവങ്ങൾ ഇതിന് മുൻപും വിവരിച്ചിട്ടുണ്ട്. റിസർവ് ചെയ്ത ടിക്കറ്റില്ലാതെ ട്രെയിനിൽ കയറുന്നത് പിഴയീടാക്കാവുന്ന കുറ്റമാണെന്ന നിയമങ്ങൾ നിലനിൽക്കെയാണ് ട്രെയിൻ യാത്രയ്ക്കിടെ ഇത്തരം സംഭവങ്ങൾ. ഉത്തരേന്ത്യൻ യാത്രയുടെ സാഹസികത വ്യക്തമാക്കുന്നതാണ് നേഹ മാധവൻ പങ്കുവച്ച ദൃശ്യങ്ങളിലുള്ളത്. റിസർവ്വ് ചെയ്ത ബർത്തിലേക്ക് അ‍ജ്ഞാതരായ ആളുകൾ രാത്രിയിൽ വലിഞ്ഞ് കയറി എത്തിയതിന്റെ ഞെട്ടലിലാണ് നേഹയുടെ വീഡിയോയുള്ളത്.

നിരവധി പരാതിപ്പെടലിന് ശേഷവും സഹായമെത്താൻ വൈകി

തിരക്കുള്ള ട്രെയിനില്‍ പലതവണയായി നേഹയുടെ റിസര്‍വ് ചെയ്ത സീറ്റ് യാത്രക്കാര്‍ കയ്യടക്കിയത് വീഡിയോയിൽ കാണാം. ഇതിനെതിരെ പലതവണ പരാതി നല്‍കിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലാ എന്നും വിഡിയോയിൽ യുവതി വിശദമാക്കുന്നുണ്ട്. രാത്രി മുഴുവൻ ഭയന്ന് ഉണർന്നിരിക്കേണ്ട വന്ന അനുഭവവും നേഹ വ്യക്തമാക്കുന്നു. നിരവധി പരാതികൾക്ക് ശേഷം എത്തിയ ടിടിഇ സീസൺ ആയതിനാൽ സഹകരിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും നേഹ പറയുന്നു. രാത്രി കാലില്‍ തട്ടി. നോക്കിയപ്പോള്‍ ഒരാള്‍ ബര്‍ത്തിലേക്ക് വലിഞ്ഞു കയറുകയാണ്. ഉറങ്ങികിടക്കുകയായിരുന്നു. പുലർച്ചെ നാല് മണിയോടെയാണ്. ഏതോ ഒരാള്‍ ചാടി ഇവിടെ വന്നിരിക്കുന്നു.

പലതവണ പരാതി നല്‍കിയെങ്കിലും ആരും എത്തിയില്ലെന്നും ടിക്കറ്റ് പരിശോധനയ്ക്ക് വന്ന ടിടിഇ ഇടപെട്ടാണ് സീറ്റ് ലഭിച്ചതെന്നും നേഹ പറയുന്നു. നിരവധി പരാതി നൽകിയതിനാൽ സീറ്റിലിരുന്നാൽ ജയിൽ ഇടും എന്ന് ടിടിഇ പറഞ്ഞതോടെയാണ് പലരും സീറ്റിൽ നിന്ന് മാറാൻ തയ്യാറായതെന്നും നേഹ പറയുന്നു. സീസണാണ്, തിരക്കുണ്ടാകും, സഹകരിക്കണം എന്ന് ടിടിഇ പറഞ്ഞു. എന്നാൽ അടുത്ത് വന്നിരിക്കുന്നതും, കിടക്കുന്നതും അടക്കമുള്ള ചില കാര്യങ്ങള്‍ സഹിക്കാനാകില്ല. അതിനല്ല ടിക്കറ്റ് ബുക്ക് ചെയ്യുന്നതെന്നും യുവതി പറയുന്നത്. നിരവധി പേരാണ് ഉത്തരേന്ത്യയിലേക്കുള്ള സ്ലീപ്പർ കംപാർട്ട്മെന്റ് യാത്രയ്ക്കിടെ നേരിട്ട സമാന അനുഭവങ്ങൾ വീഡിയോയ്ക്ക് പ്രതികരണമായി പങ്കുവയ്ക്കുന്നത്. പാലക്കാട് സ്വദേശിനിയായ നേഹ മാധവൻ. കൃഷിയിൽ ബിരുദധാരിയാണ്.

Advertisement