കോഴിക്കോട്. പേരാമ്പ്രയിലെ സംഘർഷത്തിൽ പരിക്കേറ്റ വടകര എംപി ഷാഫി പറമ്പിൽ ചികിത്സയിൽ തുടരുന്നു. മൂക്കിന്റെ രണ്ട് ഭാഗങ്ങളിൽ പൊട്ടലേറ്റ എംപിയുടെ ശസ്ത്രക്രിയ ഇന്ന് പുലർച്ചെ പൂർത്തിയായി. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.
അക്രമ സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തിൽ ഐജി ഓഫീസ് ഉപരോധിക്കും. രാവിലെ 9 മണിക്കാണ് പ്രതിഷേധം. ഉച്ചകഴിഞ്ഞ് പേരാമ്പ്രയിലും പ്രതിഷേധ സംഗമം നടക്കും. പ്രതിഷേധ സംഗമം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും.
അതേസമയം പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് നേരെ ഉണ്ടായ അക്രമത്തിനെതിരെ എറണാകുളം ജില്ലയിൽ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നേതൃത്വത്തിൽ വ്യാപകമായ പ്രതിഷേധം. ആലുവ മെട്രോ സ്റ്റേഷനു സമീപത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിൽ സംഘർഷമുണ്ടായി. വൻ പോലീസ് സുരക്ഷയ്ക്കിടയിലും പ്രവർത്തകർ റോഡിൽ ടയർ കത്തിക്കുകയും പോലീസിനും സർക്കാരിനും എതിരായി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കളമശ്ശേരിയിൽ പോലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മാർച്ച്. എറണാകുളം ഡിസിസിയിൽ നിന്ന് നടത്തിയ മാർച്ചിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയും പങ്കെടുത്തു. നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിൽ എത്താൻ ഇരിക്കെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും തീരുമാനം.






































