തമ്പാനൂരിലെ ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രവീണിന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അഞ്ചാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കാട്ടാക്കട സ്വദേശിനി ഗായത്രി കൊല്ലപ്പെട്ട കേസിലാണ് കോടതിയുടെ നടപടി. കഴിഞ്ഞ ദിവസം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
2022 മാർച്ച് 5-നാണ് തിരുവനന്തപുരത്തെ അരിസ്റ്റോ ജംഗ്ഷനിലുള്ള ലോഡ്ജിൽ ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീൺ ഗായത്രിയുമായി പ്രണയത്തിലായിരുന്നു. ഇവർ തമ്മിലുള്ള ബന്ധം ഒഴിവാക്കാൻ പ്രവീൺ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തി.
ഭാര്യയുമായി പിണങ്ങിയതിനു പിന്നാലെ ഗായത്രിയുമായി പ്രണയത്തിലായ പ്രവീൺ ഗായത്രിയെ വിവാഹം കഴിച്ചു. 2021-ൽ വെട്ടുകാട് പള്ളിയിൽ വെച്ചായിരുന്നു വിവാഹം. എന്നാൽ, പിന്നീട് ഇയാൾ ഭാര്യയുമായി വീണ്ടും അടുക്കുകയും ഗായത്രിയെ ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് മനസ്സിലാക്കിയ ഗായത്രി പ്രവീണിനെ ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ തർക്കങ്ങൾ തുടങ്ങി.
ഗായത്രി വാട്‌സ്ആപ്പിൽ വിവാഹ ചിത്രം സ്റ്റാറ്റസ് ആക്കിയതോടെ വഴക്ക് മൂർച്ഛിച്ചു. ഇതേത്തുടർന്നാണ് ഗായത്രിയെ കൊലപ്പെടുത്താൻ പ്രവീൺ പദ്ധതിയിട്ടത്. സംഭവ ദിവസം, കാര്യങ്ങൾ പറഞ്ഞ് തീർക്കാമെന്നു പറഞ്ഞ് പ്രവീൺ ഗായത്രിയെ തമ്പാനൂരിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. അവിടെവെച്ച് ഗായത്രിയുടെ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
മികച്ച വീഡിയോകൾ
എല്ലാം കാണുക
കൊലപാതകത്തിനു ശേഷം ബസിൽ കയറി പറവൂരിലേക്ക് കടന്ന പ്രവീൺ രാത്രി 12:30-ഓടെ ഹോട്ടലിലേക്ക് വിളിച്ച് ഗായത്രി മരിച്ചുവെന്ന് അറിയിച്ചു. രക്ഷപ്പെടാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ഇയാൾ പോലീസിൽ കീഴടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും അതിനുമുമ്പ് തന്നെ പൊലീസ് പ്രതിയെ പിടികൂടി.
































