മലപ്പുറം. പുളിക്കലിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. മലപ്പുറം വള്ളുവമ്പ്രം സ്വദേശി മൻസൂർ അലിയാണ് പിടിയിലായത്. ജൂലൈ 14നാണ് ആറംഗസംഘം കോഴിക്കോട് മാങ്കാവ് സ്വദേശി മുഹമ്മദ് ഷാലുവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചത്.
മൂന്നുവർഷം മുമ്പുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഇടപാടുകളാണ് മുഹമ്മദ് ഷാലുവിനെ തട്ടിക്കൊണ്ടു പോകുന്നതിൽ കലാശിച്ചത്. പുളിക്കലിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഷാലുവിനെ കീഴ്‌ശ്ശേരി തൃപ്പനച്ചിയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പിന്നീട് പോലീസ് എത്തിയാണ് മോചിപ്പിച്ചത്. ശരീരത്തിലും മുഖത്തും ഗുരുതരമായി പരിക്കേറ്റ് കെട്ടിയിട്ട നിലയിലായിരുന്നു. ഈ കേസിൽ ഇതുവരെ ആറുപേർ പിടിയിലായി. മുൻകൂർ ജാമ്യ അപേക്ഷ കോടതി നിരസിച്ചതിനാൽ കീഴടങ്ങിയ മൻസൂർ അലിയെ പോലീസ് നാലു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി. ശാലുവിനെ കെട്ടിയിട്ട തൃപ്പനച്ചിയിലെ വീട്ടിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തി. മർദ്ദിക്കാൻ ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തി. ഇയാൾ പോലീസിനെ വെട്ടിച്ച് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. മൻസൂർ അലിയുടെ ചെന്നൈയിലെ ബിസിനസ് സ്ഥാപനത്തിലെ പാർട്ണർ കൂടിയായ മുനവർ മുൻപ് പിടിയിലായിരുന്നു. കൊലപാതകശ്രമത്തിനും മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടു പോകലിനും ഗൂഢാലോചനയ്ക്കുമുള്ള വകുപ്പുകൾ ചേർത്താണ് കൊണ്ടോട്ടി പോലീസ് കേസെടുത്തിരിക്കുന്നത്. ഈ കേസിൽ ഒരാൾ കൂടി പിടിയിലാകാൻ ഉണ്ട്.






































