മലപ്പുറം. മങ്കടയിൽ ബൈക്ക് യാത്രികന് ക്രൂരമർദ്ദനം. മങ്കട ഞാറക്കാട് സ്വദേശി ഹരിഗോവിന്ദനാണ് മർദ്ദനമേറ്റത്. ബൈക്ക് ഓവർടേക്ക് ചെയ്തതിനാണ് നാലംഗ സംഘം മർദ്ദിച്ചത്. മങ്കട പോലീസ് കേസെടുത്തു. ദൃശ്യങ്ങൾ പുറത്തുവന്നു.
ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ബൈക്ക് യാത്രികനായ ഹരിഗോവിന്ദൻ ഇടതുവശത്തിലൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതാണ് ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന പ്രതികളെ പ്രകോപിപ്പിച്ചത്. ഇതോടെ ഇറങ്ങി വരികയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ചാവി കൊണ്ട് മുഖത്ത് കുത്തുന്നതും തലയ്ക്ക് അടിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു.
നാലുപേർക്കെതിരെ മങ്കട പോലീസ് വധശ്രമത്തിന് കേസെടുത്തു. റോഷൻ ,റിൻഷാദ് ബാബ, നിയാസ്, എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന ഒരാൾക്കെതിരെയും ആണ് കേസ്. മർദ്ദിച്ചവർ നിരവധി കേസുകളിലെ പ്രതികൾ ആണെന്ന് പോലീസ് അറിയിച്ചു. പ്രതികളെ പിടികൂടാനുള്ള അന്വേഷണം മങ്കട പോലീസ് ഊർജ്ജിതമാക്കി.






































