കാസർകോട്: ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയില്‍ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയവരില്‍ രാഷ്ട്രീയ നേതാവും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും ആർപിഎഫ് ഉദ്യോഗസ്ഥരും.
സംഭവത്തില്‍ എട്ടുപേരാണ് അറസ്റ്റിലായിരിക്കുന്നത്. 14 പേർക്കെതിരെ പോക്സോ കേസെടുത്തിട്ടുണ്ട്. ഇവരില്‍ അഞ്ചുപേർ ജില്ലയ്ക്ക് പുറത്തായതിനാല്‍ കേസ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് കൈമാറി.
കുട്ടിയുമായി ഡേറ്റിംഗ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച ശേഷം ജില്ലയ്ക്ക് അകത്തും പുറത്തും വിവിധ സ്ഥലങ്ങളില്‍ എത്തിച്ചാണ് പീഡിപ്പിച്ചത്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണ് പ്രതികള്‍. 16കാരന്റെ വീട്ടിലെത്തിയ ഒരാളെ മാതാവ് കണ്ടതാണ് വിവരം പുറത്തറിയാൻ കാരണം. മാതാവിനെ കണ്ടയുടനെ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നാലെ മാതാവ് ചന്തേര പൊലീസില്‍ പരാതി നല്‍കിയതിനെത്തുടർന്ന് കുട്ടിയെ ചൈല്‍ഡ് ലൈനില്‍ ഹാജരാക്കി ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.
രണ്ടു വർഷമായി 14കാരൻ പീഡനത്തിന് ഇരയായി എന്നാണ് വിവരം. നിലവില്‍ 14 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതില്‍ കാസർകോട് ജില്ലയില്‍ മാത്രം എട്ടു കേസുകളാണുള്ളത്. പീഡനത്തിന് ശേഷം കുട്ടിക്ക് പ്രതികള്‍ പണം നല്‍കിയിരുന്നതായും വിവരമുണ്ട്. കേസില്‍ നാല് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്






































