കാസർകോട് : ദേശീയപാത 66ലെ ഒന്നാം റീച്ചില്‍ മൊഗ്രാല്‍- പുത്തൂരില്‍ നിര്‍മാണപ്രവൃത്തികള്‍ക്കിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു.
തെരുവുവിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിന്‍ പൊട്ടിവീണ് വടകര നാദാപുരം റോഡ് സ്വദേശി അക്ഷയ് (30), മണിയൂർ പതിയാരക്കര സ്വദേശി അശ്വിൻ (26) എന്നിവരാണ് മരിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് ഉച്ചയോടെയാണ് അപകടം. ക്രെയിന്‍ ഉപയോഗിച്ച് തെരുവ് വിളക്ക് സ്ഥാപിക്കുകയായിരുന്നു അക്ഷയും അശ്വിനും. തെരുവുവിളക്ക് ഉറപ്പിക്കാനായി നിന്നിരുന്ന ക്രെയിൻ ബോക്‌സ് തകര്‍ന്നാണ് അപകടം. സര്‍വീസ് റോഡിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും അക്ഷയ് അപ്പോഴേക്കും മരിച്ചിരുന്നു. അല്‍പസമയത്തിന് ശേഷം അശ്വിനും മരിച്ചു. കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.






































