തിരുവനന്തപുരം. കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരി ഒഴുക്ക് തടയാൻ ഊര്‍ജ്ജിതശ്രമം നടക്കുമ്പോഴും നാട്ടിലിവ വ്യാപിക്കുന്നത് വെല്ലുവിളി. പഴയവഴികളടക്കുമ്പോള്‍ പുതിയ പലത് തുറക്കുന്നതാണ് അധികൃതര്‍ക്ക് തലവേദനയാകുന്നത്. ലഹരി വരവ് തടയാന്‍ എല്ലാ സേനകളുടെയും സംയുക്ത ശ്രമം നടക്കുന്നുണ്ട്. തിരുവനന്തപുരത്ത് സംസ്ഥാന അതിർത്തിയായ അമരവിള കേന്ദ്രീകരിച്ച് ഡാൻസാഫ് സംഘവും, എക്സൈസും, പൊലീസും എല്ലാം നടത്തുന്ന ശ്രമം ഒരു പരിധി വരെ വിജയം കാണുന്നുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ചു കച്ചവട ആവശ്യത്തിന് ഇതുവഴി ഇപ്പോൾ ലഹരി എത്തുന്നില്ല.
തെക്കൻ ജില്ലകളിലേക്ക് തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും എത്തിക്കൊണ്ടിരുന്നത് വലിയതോതിൽ ലഹരിയാണ്. ഇപ്പോഴും ലഹരിവരവ് ഉണ്ടെങ്കിലും അത്തരക്കാർക്ക് പ്രതിസന്ധികൾ ഏറെയാണ്. അമരവിള കേന്ദ്രീകരിച്ചുള്ള പല സംഘങ്ങളുടെ പരിശോധന ലക്ഷ്യം നേടുന്നുണ്ട്. എങ്കിലും ഇപ്പോഴും കുറഞ്ഞത് അഞ്ചു കേസുകൾ വീതമെങ്കിലും ഓരോ മാസവും കണ്ടെത്തുന്നുണ്ട്. ഡാൻസാഫ് സംഘം ഈ വർഷം ഇതുവരെ 13 വലിയ കേസുകളും 50 ഓളം ചെറിയ കേസുകളും രജിസ്റ്റർ ചെയ്തു. കഴിഞ്ഞവർഷം 136 കിലോ കഞ്ചാവ് ഒരാളിൽ നിന്ന് പിടികൂടിയിരുന്നു. അത്തരം കച്ചവട ആവശ്യങ്ങൾക്കായി കൊണ്ടുവരുന്നത് നിരന്തര പരിശോധനയോടെ കുറഞ്ഞു. ഈ വർഷം ഏറ്റവും വലിയ കഞ്ചാവ് വേട്ട നടന്നത് 50 കിലോയുടേതാണ്, അതും ജനുവരിയിൽ. പിന്നീട് 10 കിലോയിൽ അധികം കഞ്ചാവ് ഒന്നിച്ചെത്തിയിട്ടില്ല. ഡാൻസാഫിന്റെ എം.ഡി.എം.എയുടെ വലിയ വേട്ട കഴിഞ്ഞമാസം വർക്കലയിലേതായിരുന്നു. ഒന്നരക്കിലോ എം.ഡി.എം.എ ആണ് പിടികൂടിയത്. എല്ലാദിവസവുമുള്ള സജീവ പരിശോധന ലഹരി മാഫിയ സംഘങ്ങളെ പിടിച്ചു കെട്ടാനുള്ള ആദ്യ പടിയാണ്.
എക്സൈസ് ചെക്ക് പോസ്റ്റിലെ പരിശോധനയും സജീവമാണ്. കഴിഞ്ഞമാസം ട്രെമഡോൾ എന്ന ലഹരി ഗുളിക പിടികൂടിയിരുന്നു. കച്ചവട ആവശ്യത്തിനായി എത്തിച്ച 720 ഗുളികകളാണ് പിടിച്ചെടുത്തത്. ബാംഗ്ലൂർ, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്ന് വരുന്ന ബസ്സുകളിലാണ് സജീവമായി കടത്തു നടക്കുന്നത്. ഇതിനായി രാവിലെ അഞ്ചു മുതൽ 11 വരെയുള്ള സമയം ഇവർ ഉപയോഗിക്കുന്നുവെന്ന് എക്സൈസ് കണ്ടെത്തി.പരസ്പര സഹകരണത്തോടെയുള്ള ഈ നീക്കങ്ങൾ ഗുണം ചെയ്തിട്ടുണ്ട്.





































