തൃപ്പൂണിത്തുറ അത്തച്ചമയ ഗ്രൗണ്ടിലെ അപകടം; ആകാശ ഊഞ്ഞാല്‍ പ്രവര്‍ത്തിച്ചത് വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ

Advertisement

കൊച്ചി:തൃപ്പൂണിത്തുറയില്‍ ആകാശ ഊഞ്ഞാലില്‍ നിന്ന് വീണ് യുവാവിന് പരിക്കേറ്റ സംഭവത്തില്‍ വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തല്‍.

അത്തച്ചമയ ഗ്രൗണ്ടിലെ പാര്‍ക്കില്‍ പ്രവര്‍ത്തിച്ചിരുന്ന ആകാശ ഊഞ്ഞാലില്‍ ഇരിപ്പിടത്തില്‍ നിന്ന് വീഴാതെ തടഞ്ഞുനിര്‍ത്താനുള്ള ക്രോസ് ബാര്‍ ഇല്ലായിരുന്നു. സംഭവത്തില്‍ സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് നഗരസഭ അറിയിച്ചു.

ആകാശ ഊഞ്ഞാലിലെ ഇരിപ്പിടത്തിനും വാക്ക് വേക്കും ഇടയിലെ വിടവിലൂടെ വീണ് പരിക്കേറ്റ തൃപ്പൂണിത്തുറ സ്വദേശി വിഷ്ണു ചികിത്സയില്‍ തുടരുകയാണ്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടം നടന്നയുടനെ വിഷ്ണുവിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ആകാശ ഊഞ്ഞാലിന്റെ വേഗത കൂടിയപ്പോള്‍ യുവാവ് തെറിച്ചു വീഴുകയായിരുന്നു. ആകാശവഞ്ചിയില്‍ സുരക്ഷ തീരെയുണ്ടായിരുന്നില്ലെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. എന്നാല്‍, യുവാവ് എഴുന്നേറ്റ് നിന്നപ്പോള്‍ വീണതാണെന്നാണ് അമ്യൂസ്‌മെന്റ് നടത്തിപ്പുകാര്‍ പറയുന്നത്.

Advertisement